ഹാമില്‍ട്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിക്കരുത്തില്‍ രണ്ടാം ടെസ്റ്റില്‍ കിവീസ് ഏഴ് വിക്കറ്റിന് വിജയിച്ചു. വില്‍ യങ് അര്‍ദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് നേടിയതും സ്പിന്നര്‍ ഡെയ്ന്‍ പീഡ് ആണ്.
വില്യംസണ്‍ 133 റണ്‍സും യങ് 60 റണ്‍സും നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 242 റണ്‍സ് നേടിയപ്പോള്‍ കിവീസ് 211 റണ്‍സ് നേടി. 31 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 235 റണ്‍സിന് ഓള്‍ ഔട്ടായി.
നാലാം ദിനം ഒന്നിന് 40 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. ടോം ലാഥാം 30, രച്ചിന്‍ രവീന്ദ്ര 20 എന്നിവരുടെ വിക്കറ്റുകള്‍ ഇന്ന് കിവീസിന് നഷ്ടമായി. ഇന്നലെ 17 റണ്‍സെടുത്ത ഡേവോണ്‍ കോണ്‍വെയുടെ വിക്കറ്റും നഷ്ടമായിരുന്നു. 117ന് മൂന്ന് എന്ന സ്‌കോറില്‍ നിന്നാണ് വില്യംസണ്‍-വില്‍ യങ് സഖ്യം ഒന്നിച്ചത്. പിരിയാത്ത നാലാം വിക്കറ്റില്‍ 162 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും കിവീസിന് വിജയം സമ്മാനിച്ചു.