റായ്‌പൂര്‍ ഏകദിനം: കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ;109 റണ്‍സ് വിജയലക്ഷ്യം

റായ്‌പൂര്‍: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 109 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ബാറ്റിംനിറങ്ങിയ ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി.36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. മൂന്ന് പേര്‍ മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും പിന്തുടര്‍ന്നപ്പോള്‍ മത്സരത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളിംഗിന് മേല്‍ ആധിപത്യം നേടാന്‍ കിവീസിനായില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലനെ(0) ബൗള്‍ഡാക്കി ഷമിയാണ് കിവീസിന്‍റെ തകര്‍ച്ച തുടങ്ങിവെച്ചത്. അക്കൗണ്ട് തുറക്കും മുമ്പെ വിക്കറ്റ് നഷ്ടമായ കിവീസ് പിന്നീട് പിടിച്ചു നില്‍ക്കാന്‍ നോക്കിയതോടെ സ്കോര്‍ ബോര്‍ഡിന് അനക്കമുണ്ടായില്ല.16 പന്തില്‍ ഏഴ് റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 20 പന്തില്‍ രണ്ട് റണ്‍സെടുത്ത ഹെന്‍റി നിക്കോള്‍സും മുട്ടി നിന്നെങ്കിലും റണ്‍സ് വഴങ്ങാതെ ഇന്ത്യന്‍ പേസര്‍മാര്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവില്‍ ആറാം ഓവറില്‍ ഹെന്‍റി നിക്കോള്‍സിനെ(2) വീഴ്ത്തി സിറാജ് കിവീസിന്‍റെ പ്രതിരോധം പൊളിച്ചു.

Top