പഴ്‌സ് എടുക്കാന്‍ മറന്ന വീട്ടമ്മയ്ക്ക് സഹായവുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ന്യൂസിലാന്റ്: മനുഷ്യത്വ പരമായ പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസിന്ത ആര്‍ഡന്‍. ഇത്തവണ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം പഴ്‌സ് എടുക്കാന്‍ മറന്ന വീട്ടമ്മയ്ക്കാണ് ജസീന്തയുടെ സഹായം ലഭിച്ചത്.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വന്ന സ്ത്രീ കൗണ്ടറില്‍ ജെസീന്തയ്ക്ക് മുന്നിലായിരുന്നു നിന്നത്. എന്നാല്‍ ഇവര്‍ പഴ്‌സ് എടുക്കാന്‍ മറന്നു എന്ന് തിരിച്ചറിഞ്ഞതോടെ പ്രധാനമന്ത്രി ഇവര്‍ക്ക് ബില്ലടയ്ക്കാന്‍ പണം നല്‍കുകയായിരുന്നു.

സഹായം സ്വീകരിച്ച വനിത തന്നെയാണ് പ്രധാനമന്ത്രി തന്നെ സഹായിച്ച വിവരം സോഷ്യല്‍ മീഡിയയിലുടെ ആദ്യം പങ്കുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ സഹായിച്ച വിവരം ജെസീന്ത അംഗീകരിക്കുകയും ചെയ്തു. അവര്‍ രണ്ടു കുട്ടികളുടെ അമ്മയായത് കൊണ്ടാണ് താന്‍ സഹായിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ട് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ പറഞ്ഞത്.

മുമ്പ് ലോക മനസാക്ഷിയെ ഞെട്ടിച്ച് ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌ക്കുകളില്‍ നടന്ന വെടിവയ്പ്പില്‍ ദുരിതബാധിതരെ പിന്തുണച്ച് ഹിജാബ് ധരിച്ച് ജെസീന്ത എത്തിയതും ഏറെ മാദ്ധ്യമ ശദ്ധ നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും ജസീന്തയുടെ നല്ലമനസിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Top