ന്യൂസിലാന്‍ഡ് വെടിവെപ്പ് : അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ മരണം 50 കവിഞ്ഞു

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ മുസ്ലീംപള്ളികളിലുണ്ടായ വെടിവെപ്പില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയും കൊടുങ്ങല്ലൂര്‍ സ്വദേശിനിയുമായ അന്‍സി അലിബാവ, മെഹബൂബ ഖൊഖാര്‍, റമീസ് വോറ, ആസിഫ് വോറ, ഒസ്യര്‍ കാദിര്‍ എന്നിവരാണ് മരിച്ചത്.

ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് വിസ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം വെബ്പേജ് ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ ട്വീറ്ററില്‍ അറിയിച്ചു. ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതായി. പരിക്കേറ്റ പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീംപള്ളികളില്‍ വെടിവെപ്പുണ്ടായത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിലും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്‌കിലുമാണ് ആക്രമണം നടന്നത്.

Top