ലോക്ക്ഡൗണ്‍ ലംഘിച്ച് ബീച്ച് യാത്ര; ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലര്‍ക്ക് രാജിവെച്ചു

വെല്ലിംഗ്ടണ്‍: വിവാദങ്ങള്‍ക്കൊടുവില്‍ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലര്‍ക്ക് രാജിവെച്ചു. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഡേവിഡ് ക്ലര്‍ക്കിന്റെ രാജി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്വീകരിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി ഡേവിഡ് ക്ലര്‍ക്ക് കുടുംബത്തിനൊപ്പം ബീച്ചിലേക്ക് ഉല്ലാസയാത്ര നടത്തിയത് ന്യൂസിലാന്റില്‍ വലിയ വിവാദമായിരുന്നു.

കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി തന്നെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതാണ് രാജ്യത്തെ ഞെട്ടിച്ചത്.
വിമര്‍ശനം രൂക്ഷമായപ്പോള്‍ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് ന്യൂസിലന്‍ഡിനെ കൊവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്. അവസാന കൊവിഡ് രോഗിയും രോഗമുക്തി നേടിയതോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചാണ് രാജ്യം കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്.

നേരത്തെ സ്‌കോട്ട്ലന്‍ഡ് ചീഫ് മെഡിക്കല്‍ഓഫീസര്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

Top