24 ദിവസത്തിന്​ ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ്​ സ്ഥിരീകരിച്ചു

വെല്ലിങ്ടണ്‍: ഒരുമാസമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ന്യൂസിലാന്‍ഡില്‍ പുതുതായി രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

24 ദിവസത്തോളം പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന സാഹചര്യത്തില്‍ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. അതിര്‍ത്തികള്‍ മാത്രമാണ് അടച്ചിട്ടിരുന്നത്.

വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാെമന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശത്തുനിന്ന് ആരെത്തിയാലും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം.

‘അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്‍ഡില്‍ ഇതുവരെ 1,156 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത് ഫെബ്രുവരിയിലായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം ഫലപ്രദമായി തടയാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിരുന്നു.

Top