കൊവിഡ് പോരാട്ടത്തില്‍ മികച്ച നേട്ടവുമായി ന്യൂസിലാന്റ്; 14 ദിവസത്തിനിടെ ഒരാള്‍ പോലും രോഗിയല്ല

വെല്ലിംഗ്ടണ്‍: കഴിഞ്ഞ 14 ദിവസത്തിനിടയില്‍ പുതിയ ഒരു കൊവിഡ് 19 കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടവുമായി ന്യൂസിലാന്‍ഡ്. കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കൊവിഡ് 19 ആക്ടീവ് ആയ ഒരാള്‍ മാത്രമാണ് ന്യൂസിലന്‍ഡിലുള്ളത്. പത്ത് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമാകും ആക്ടീവ് ആയിട്ടുള്ള വ്യക്തിയുടെ രോഗമുക്തി സാധ്യതയെക്കുറിച്ച് പറയാനാവുകയെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് മാസത്തിന്റെ പകുതിയോടെ തന്നെ ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങളില്‍ ന്യൂസിലാന്‍ഡ് ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാനും ആളുകള് കൂട്ടം കൂടുന്നതിലുമുള്ള വിലക്ക് തുടര്‍ന്നിരുന്നു. പതിനാല് ദിവസമായി ഒരു പുതിയ കൊവിഡ് 19 കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഈ നിയന്ത്രണങ്ങളും നീക്കിയേക്കുമെന്നാണ് സൂചന. ഷോപ്പിംഗ് സെന്ററുകളും, റീട്ടെയില്‍ ഷോപ്പുകളും ഹോട്ടലുകളും നിലവില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആഭ്യന്തര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളും സ്‌കൂളുകളും ഓഫീസുകളും ഉടനേ തുറക്കുമെന്നാണ് സൂചന.

Top