നേട്ടങ്ങളുടെ പട്ടികയിൽ മൈക്കൽ ബ്രേസ്‌വെല്ലും ന്യൂസിലൻഡും; തോൽവിക്കിടയിലും തലയുയർത്തി കിവീസ്

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെ ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് നേടിയത്. ഇരട്ട സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് (208) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ ന്യൂസിലന്‍ഡിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറെ പണിപെടേണ്ടി വന്നു. ഒരു ഘട്ടത്തില്‍ ആറിന് 131 എന്ന നിലയിലേക്ക് ന്യൂസിലന്‍ഡിന് 337 റണ്‍സ് അടിച്ചെടുക്കാനായി. 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലാണ് ടീമിന് വിജയപ്രതീക്ഷ നല്‍കിയത്. ഇതോടെ ചില റെക്കോര്‍ഡ് പട്ടികയില്‍ ന്യൂസിലന്‍ഡും ബ്രേസ്‌വെല്ലും ഇടംപിടിച്ചു.

ആറാം വിക്കറ്റ് നഷ്ടമായതിന് ശേഷം 206 റണ്‍സാണ് ന്യൂസിലന്‍ഡ് കൂട്ടിചേര്‍ത്തത്. ന്യൂസിലന്‍ഡ് ടീമിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. ആറ് വിക്കറ്റുകള്‍ നഷ്ടമായ ശേഷം കൂടുതല്‍ റണ്‍സ് കൂട്ടിചേര്‍ക്കുന്ന കാര്യത്തില്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനം പങ്കിട്ടു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 2017ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസീസ് 213 റണ്‍സ് കൂട്ടിചേര്‍ത്തു. ആറിന് 67 എന്ന നിലയിലായിരുന്ന ഓസീസ് മത്സരത്തില്‍ 280 റണ്‍സ് നേടി.

78 പന്തില്‍ 140 റണ്‍സ് നേടി ന്യൂസിലന്‍ഡിന് വിജയപ്രതീക്ഷ നല്‍കിയ മൈക്കല്‍ ബ്രേസ്‌വെലും ഒരു നേട്ടപട്ടികയില്‍ ഇടംപിടിച്ചു. ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന പട്ടികയില്‍ ബ്രേസ്‌വെല്‍ മൂന്നാമനായി. ഇക്കാര്യത്തില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ലൂക്ക് റോഞ്ചിയാണ് ഒന്നാമന്‍. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരെ റോഞ്ചി പുറത്താവാതെ 170 റണ്‍സ് നേടി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസ് രണ്ടാമതുണ്ട്. 2017ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താവാതെ 146 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. ശ്രീലങ്കയുടെ തിസാര പെരേര, ബ്രേസ്‌വെല്ലിനൊപ്പം മൂന്നാമത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ തന്നെയായിരുന്നു ഈ നേട്ടം.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. 21ന് റായ്പൂരിലാണ് അടുത്ത ഏകദിനം. മൂന്നാം മത്സരം 24ന് ഇന്‍ഡോറില്‍ നടക്കും.

Top