താമരശ്ശേരി: പുതുവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് താമരശ്ശേരി ചുരത്തില്‍ പൊലീസ് ഇന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിക്കില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങിയുള്ള ഒരു ആഘോഷവും അനുവദിക്കില്ല.
ചുരത്തിലെ കടകള്‍ രാത്രി ഏഴ് മണിയ്ക്ക് ശേഷം തുറക്കാന്‍ പാടില്ലെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. നിയന്ത്രണ സമയത്ത് വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്ക് ചെയ്താല്‍ ഫൈന്‍ ഈടാക്കുമെന്ന് താമരശ്ശേരി സിഐ അറിയിച്ചു. താമരശ്ശേരി ചുരത്തില്‍ ദിവസവും വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതകുരുക്ക് പതിവാകുകയാണ്. ക്രിസ്മസ് പുതുവത്സരത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതും ചുരത്തില്‍ വാഹന പെരുപ്പത്തിന് കാരണമാകുന്നുണ്ട്.