പുതുവര്‍ഷം തുടങ്ങുന്നത് നെഞ്ചിടിപ്പോടെ, ജയില്‍ ഭക്ഷണത്തിലും ട്രെയിന്‍ ടിക്കറ്റിലും നിരക്കുകള്‍ കൂട്ടി

പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ പലരും പുതിയ പല തീരുമാനങ്ങളും എടുക്കാറുണ്ട്. എന്നാല്‍ ഇതാ ഈ തീരുമാനങ്ങള്‍ കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും. പ്രത്യേകിച്ച് മലയാളികള്‍.

പലരും ആശ്വാസം കൊള്ളുന്ന രണ്ടു കാര്യങ്ങളാണ് ട്രെയിന്‍ യാത്രകളും ജയില്‍ ഭക്ഷണവും. അതിന്റെ കാരണം തുച്ചമായ കാശ് തന്നെയാണ്. എന്നാല്‍ പുതുവര്‍ഷത്തില്‍ ഈ വിഭാഗക്കാരും നിര്‍ണായക തീരുമാനം എടുത്തിരിക്കുകയാണ്. മറ്റൊന്നുമല്ല കാശ് അല്‍പം കൂട്ടിയിട്ടുണ്ട്.

ജനുവരി 1 മുതല്‍ ജയിലില്‍ തടവുകാര്‍ ഉണ്ടാക്കുന്ന ഇഡ്ഢലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് വില കൂടും. മുമ്പ് രണ്ട് രൂപയായിരുന്നു ഇഡ്ഢലിയുടെ വില മൂന്ന് രൂപയാകും. 22 രൂപയായിരുന്ന ബ്രഡിന് 25 രൂപയാകും. പതിനഞ്ച് രൂപയായിരുന്ന മുട്ടക്കറിക്ക് 20 രൂപയാകും പുതുക്കിയ വില. കപ്പയും ബീഫിനും നേരത്തെ 60 രൂപയായിരുന്നെങ്കില്‍ ഇനി അത് 70 രൂപയാകും. ചില്ലി ചിക്കന് 50 രൂപയും, ചിക്കന്‍ കറിക്ക് 30 രൂപയും, ചിക്കന്‍ ബിരിയാണിക്ക് 70 രൂപയുമാകും പുതുക്കിയ വില.

അതേസമയം, ഏറ്റവും അധികം അവശ്യക്കാരുള്ള ചപ്പാത്തിക്കും വെജിറ്റല്‍ ബിരിയാണിക്കും പഴയ വില തന്നെ തുടരും. ചപ്പാത്തിക്ക് 20 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 40 രൂപയുമാണ് വില.

വിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ജയില്‍ വിഭവങ്ങളുടെ വിലയും വര്‍ധിപ്പിക്കുന്നതിന് കാരണം എന്നാണ് ജയില്‍ അധികൃതരുടെ വാദം.

അതേസമയം റെയില്‍വേ യാത്രാനിരക്കുകളും വര്‍ധിപ്പിച്ചു. നോണ്‍ എസി കിലോമീറ്ററിന് രണ്ട് പൈസയും എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ നിരക്ക് ബാധിക്കുന്നത്. അതേസമയം സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല.

പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിരക്കുവര്‍ധന എന്നാണ് അധികൃതര്‍ പറയുന്നത്.

Top