നാടെങ്ങും പുതുവത്സര ആഘോഷത്തിമിര്‍പ്പിൽ; ജനസാഗരമായി ഫോര്‍ട്ട് കൊച്ചി

തിരുവനന്തപുരം: നാടെങ്ങും പുതുവത്സര ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്. ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പാടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഭ്യന്തര-വിദേശ സഞ്ചാരികളായ ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.

ഇന്ത്യൻ സമയം മൂന്നരയ്ക്ക് കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. വമ്പന്‍ വെടിമരുന്ന് പ്രയോഗത്തോടെയാണ് നാലരയോടെ ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. ആറരയോടെ ഓസ്ട്രേലിയയിലും പുതുവർഷമെത്തി. ഒന്പതരയോടെ ചൈനയും പുതുവർഷത്തിലേക്ക് കടന്നു. തായ് ലാന്‍ഡിലും പുതുവര്‍ഷമെത്തി. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയാരിക്കും യുകെയിലെ പുതുവർഷാഘോഷം. ഇന്ത്യന്‍ സമയം രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. മരുഭൂമിയിൽ ടെന്റ് ഉൾപ്പടെ ഒരുക്കി, മണിക്കൂറുകൾ മുൻപേ തന്നെ പ്രവാസി മലയാളികളുടെ ന്യൂഇയര്‍ ആഘോഷം തുടങ്ങി.

Top