ബീനാ പോളിന്റെയും മഞ്ജുവിന്റെയും തന്ത്രം പാളുന്നു, വനിത സംഘടന ‘ത്രിശങ്കുവില്‍’

തിരുവനന്തപുരം: ഒറ്റയടിക്ക് സിനിമാ മേഖലയില്‍ ‘വിപ്ലവം’ സൃഷ്ടിക്കാമെന്ന പ്രതീക്ഷയില്‍ വന്ന വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനക്ക് തിരിച്ചടി.

ബഹുഭൂരിപക്ഷം വനിതാ സിനിമാ പ്രവര്‍ത്തകരും ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ എന്ന പുതിയ സംഘടനയോട് മുഖം തിരിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയെ കാണാന്‍ വന്നു . . കണ്ടു . . പരാതിയും നല്‍കി, ഒപ്പം ഫോട്ടോയുമെടുത്തു എന്നതിനപ്പുറം വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനക്ക് അമിത പ്രധാന്യമൊന്നും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് സി പി എം കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

താര സംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി നടന്‍ മമ്മൂട്ടി, അമ്മ പ്രസിഡന്റും ഇടതു എംപിയുമായ ഇന്നസെന്റ് എന്നിവരുടെ നിലപാടുകള്‍ക്കെതിരായ ഒരു സമീപനവും പരിഗണനയും സ്വീകരിക്കേണ്ടതില്ലെന്നാണ് സിപിഎം തലപ്പത്തെ തീരുമാനം.

നടന്‍ മമ്മൂട്ടിയുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള മുഖ്യമന്ത്രി പിണറായിയും ഇപ്പോള്‍ ഈ നിലപാടിലാണെന്നാണ് സൂചന.

അമ്മയ്ക്ക് ബദലായി പുതിയ സംഘടനയെ വിലയിരുത്തപ്പെടുന്ന പശ്ചാത്തലത്തിലാണിത്.

ഇതിനിടെ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള സംഘടനക്ക് സിനിമ എഡിറ്ററും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സനുമായ ബീനാ പോള്‍ ‘കുട’ പിടിച്ചതില്‍ അമ്മയുടെ തലപ്പത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ ഷൂട്ടിങ്ങ് സെറ്റില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നതായ രൂപത്തില്‍ പരാമര്‍ശിച്ചത് ബോധപൂര്‍വ്വമാണെന്നും ഇത് വാര്‍ത്തയാക്കുക മാത്രമായിരുന്നു സന്ദര്‍ശന ഉദ്യേശലക്ഷ്യമെന്നും പ്രമുഖ താരം സിപിഎം നേതൃത്ത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതായാണ് അറിയുന്നത്.

ഒരേ സമയം ബിജെപി വേദിയില്‍ നൃത്തം ചവിട്ടുകയും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്ന മഞ്ജു വാര്യരുടെ നിലപാടുകളും ഇപ്പോള്‍ സിപിഎം നേതൃത്ത്വത്തില്‍ സജീവ ചര്‍ച്ചാ വിഷയമാണ്.

ദിലീപ്-മഞ്ജു വേര്‍പിരിയലും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് ഇപ്പോഴത്തെ വനിതാ താരസംഘടനയുടെ രൂപീകരണത്തിന് കാരണമായതെന്നാണ് നേതാക്കള്‍ക്കിടയിലെ വിലയിരുത്തല്‍.

അമ്മയിലെ ചില താരങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍പ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടാന്‍ ശ്രമിച്ചപ്പോള്‍ വിവരമറിഞ്ഞ മുതിര്‍ന്ന താരം വിലക്കിയിരുന്നു.

അമ്മ ജനറല്‍ ബോഡി യോഗം വരെ കാത്ത് നില്‍ക്കാനായിരുന്നു നിര്‍ദ്ദേശം.

മഞ്ജു വാര്യര്‍ക്ക് പുറമെ പാര്‍വതി, രമ്യ നമ്പീശന്‍, റിമ കല്ലുങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയ താരങ്ങളാണ് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനക്ക് നേതൃത്ത്വം നല്‍കുന്നത്.

നടി പത്മപ്രിയ, ഭാവന തുടങ്ങിയവരും ഇതിനോട് സഹകരിക്കുമെന്ന് സൂചനയുണ്ട്.

കൊച്ചിയില്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനാണ് സംഘാടകരുടെ തീരുമാനം. എത്ര നടിമാര്‍ വരും എന്ന് ഉറപ്പ് കിട്ടിയാല്‍ മാത്രമേ കണ്‍വന്‍ഷന്‍ നടക്കൂ.

സിനിമയിലെ മറ്റു മേഖലകളില്‍ വനിതകള്‍ കുറവായതിനാലാണ് നടിമാര്‍ക്ക് പ്രാധാന്യം നല്‍കി ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത്.

താരസംഘടന അമ്മയ്ക്ക് മാത്രമല്ല നിര്‍മ്മാതാക്കള്‍ക്കിടയിലും സംവിധായകര്‍ക്കിടയിലും മഞ്ജുവിന്റെ സംഘടനയോട് ശക്തമായ എതിര്‍പ്പുള്ളതിനാല്‍ സിനിമയില്‍ നിന്നു തന്നെ ഔട്ടാകുമെന്ന പേടിയില്‍ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ് ഭൂരിപക്ഷം നടിമാരുമിപ്പോള്‍.

Top