ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി കാലാവസ്ഥാ കേന്ദ്രം

ന്യൂഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കും ദക്ഷിണ ആന്‍ഡമാന്‍ കടലിനു മുകളിലും ന്യൂനമര്‍ദ മേഖല രൂപം കൊള്ളുന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.

ഈ മേഖലയില്‍ അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അടുത്ത മൂന്നുദിവസത്തിനിടെ ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്ക്, ആന്ധ്രയുടെ തെക്കന്‍ ഭാഗങ്ങളിലേക്കെത്താനാണ് സാധ്യതയെന്നും നിരീക്ഷണകേന്ദ്രം സൂചന നല്‍കുന്നുണ്ട്. അടുത്ത മൂന്നു ദിവസത്തേക്ക് മഴയും ഒറ്റപ്പെട്ട കനത്തമഴയും നിക്കോബാര്‍ ദ്വീപുകളുടെ വിവിധഭാഗങ്ങളിലുണ്ടായേക്കും.

ആന്‍ഡമാന്‍ ദ്വീപിലെ വിവിധഭാഗങ്ങളിലും അടുത്ത മൂന്നുദിവസം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ആറാം തീയതി വരെ നിക്കോബാര്‍ പ്രദേശത്ത് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തീരത്ത് ആറ്, എട്ട് തീയതികളില്‍ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി.

പ്രദേശത്ത് നിരന്തരനിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ വിവരം അറിയിച്ചിട്ടുള്ളതായും പത്രക്കുറിപ്പില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

Top