New version of the draft Paris agreement released

പാരീസ്: സുസ്ഥിര ജീവിത ശൈലി സംബന്ധിച്ച് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കരട് രേഖ പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍ പുറത്തിറക്കി.

27 പേജുള്ള കരട് രേഖ മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുറത്തിറക്കിയത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസാണ് രേഖ അവതരിപ്പിച്ചത്. സമത്വവും തുല്യമായ ഉത്തരവാദിത്തവും കാലാവസ്ഥാ വ്യതിയാനത്തിനെ നേരിടുന്നതില്‍ വേണമെന്ന ഇന്ത്യയുടെ അഭിപ്രായം പരിഗണിച്ചു കൊണ്ടാണ് കരട് തയ്യാറാക്കിയത്. അതേ സമയം കരട് രേഖയില്‍ പറയുന്ന പല കാര്യങ്ങളും അംഗീകരിയ്ക്കാനാവുന്നതല്ലെന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ലോകത്തെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ ചര്‍ച്ച തുടരുകയാണ്. അന്തിമകരാറിന് ഉടന്‍ രൂപം നല്‍കും. കാര്‍ബണ്‍ പുറന്തള്ളലിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങളുടെ സമീപനത്തെ ഇന്ത്യ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വ്യാവസായികമായി വളര്‍ച്ച കൈവരിച്ച രാജ്യങ്ങളേയും വികസ്വര രാജ്യങ്ങളേയും ഇക്കാര്യത്തില്‍ ഒരു പോലെ കാണരുതെന്നും വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വികസനം തടസപ്പെടുത്തുന്ന രീതിയിലുള്ള നിബന്ധനകള്‍ അംഗീകരിയ്ക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ യാതൊരു ഗുണപരമായ മാറ്റവുമുണ്ടാക്കാന്‍ സഹായിയ്ക്കാത്തതും അന്താരാഷ്ട്ര തലത്തിലെ നിഷ്‌ക്രിയത ചൂണ്ടിക്കാണിയ്ക്കുന്നതുമാണ് പുതിയ കരടെന്ന് ഗ്രീന്‍പീസ് ഭാരവാഹി മാര്‍ട്ടിന്‍ കൈസര്‍ പറഞ്ഞു. 1.5 ഡിഗ്രി ചൂടിന്റെ പരിധിയില്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ തോത് നിലനിര്‍ത്തണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിയ്ക്കാന്‍ തയ്യാറായിട്ടില്ല. 15 വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. അത് വളരെ ദൈര്‍ഘ്യമേറിയ കാലാവധിയാണെന്നും മാര്‍ട്ടിന്‍ കൈസര്‍ അഭിപ്രായപ്പെട്ടു.

Top