കാവിനിറത്തിലുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസ്; ചെന്നൈയിൽ പരീക്ഷണ ഓട്ടം

ന്യൂഡൽഹി : രാജ്യത്തു കാവി–ചാര നിറങ്ങളിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലിറക്കാൻ ഇന്ത്യൻ റെയിൽവേ. ഇതിന്റെ ആദ്യപടിയായി ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമിച്ച കാവിനിറത്തിലുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ ചെന്നൈയിൽ നടത്തിയ പരീക്ഷണ ഓട്ടം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കും പാഡി റെയിൽവേ മേൽപാലത്തിനും ഇടയിലാണ് പുതിയ വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തിയത്. ഐസിഎഫ് നിർമിക്കുന്ന 33–ാമത്തെ വന്ദേഭാരത് എക്സ്പ്രസാണ് കാവിനിറത്തിലുള്ളത്. പുതിയതായി നിർമിച്ച കോച്ചുകളുടെ നിറംമാറ്റിയതല്ലാതെ നിർമാണത്തിൽ മറ്റു മാറ്റങ്ങളൊന്നും ഇല്ല. ഇപ്പോഴുള്ള വെള്ള നിറം മൂലം വന്ദേഭാരത് ട്രെയിനുകൾ പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാലാണു പുതിയ നിറക്കൂട്ട് എന്നാണ് അധികൃതർ പറയുന്നത്.

നിലവിൽ വന്ദേഭാരത് എക്സ്പ്രസിന് 25 റൂട്ടുകളുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഭോപാൽ, വിശാഖപട്ടണം. ലക്നൗ, ഗാന്ധി നഗർ, തിരുപ്പതി, മൈസൂരു, ഹൗറ, ന്യൂജൽപൈഗുഡി, ഷിർദി, കോയമ്പത്തൂർ, ഗുവാഹട്ടി, ഡെറാഡൂൺ, ജയ്പുർ, ജോധ്പുർ, തിരുവനന്തപുരം എന്നിങ്ങനെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്ക് വന്ദേഭാരത് സർവീസ് നടത്തുന്നു.

2019 ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ന്യൂഡൽഹിയിൽ‌നിന്ന് വാരാണസിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്ര ഉദ്ഘാടനം ചെയ്തത്. സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസ് നിർമിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു.

Top