New Toyota Fortuner 5,400 Orders

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറി(ടി കെ എം)ന്റെ പുതിയ ‘ഫോര്‍ച്യൂണറി’നുള്ള ബുക്കിങ്ങുകള്‍ 5,400 യൂണിറ്റ് പിന്നിട്ടു. അരങ്ങേറ്റം കുറിച്ച് രണ്ടാഴ്ചയ്ക്കകം പതിനാറായിരത്തിലേറെ അന്വേഷണങ്ങളാണു പുത്തന്‍ ‘ഫോര്‍ച്യൂണറി’നെ തേടിയെത്തിയത്.

പുതിയ ‘ഫോര്‍ച്യൂണറി’ന്റെ ഡലിവറിയും ആരംഭിച്ചുകഴിഞ്ഞു. ഉത്സവകാലം സമാപിച്ചിട്ടും വിപണിയില്‍ മികച്ച പ്രതികരണം നിലനിര്‍ത്താന്‍ പുതിയ ‘ഫോര്‍ച്യണറി’നു കഴിഞ്ഞിട്ടുണ്ടെന്ന് ടി കെ എം ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡന്റു(സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്)മായ എന്‍ രാജ അറിയിച്ചു.

2009ല്‍ ഇന്ത്യയിലെത്തിയതു മുതല്‍ ഈ വിഭാഗത്തില്‍ നേതൃസ്ഥാനം നിലനിര്‍ത്താന്‍ ‘ഫോര്‍ച്യൂണറി’നു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു

പുത്തന്‍ ‘ഫോര്‍ച്യൂണറി’ന്റെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദത്തോടാണ് ഉപയോക്താക്കള്‍ക്കു താല്‍പര്യമേറെയെന്നാണു കണക്കുകള്‍ നല്‍കുന്ന സൂചന.

വാഹനം ബുക്ക് ചെയ്തു കാത്തിരിക്കുന്നവര്‍ക്ക് കാലതാമസം ഒഴിവാക്കി പുതിയ ‘ഫോര്‍ച്യൂണര്‍’ കൈമാറാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നും രാജ വെളിപ്പെടുത്തി.പുതിയ ‘ഫോര്‍ച്യൂണര്‍’ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളോടെ വിപണിയിലുണ്ട്.

2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പമുള്ളത് ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യതകള്‍

‘ഫോര്‍ച്യൂണറി’ന്റെ പെട്രോള്‍ വകഭേദത്തിനു കരുത്തേകുന്നത് 2.7 ലീറ്റര്‍ എന്‍ജിനാണ്; ആറു സ്പീഡ് ഓട്ടമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍.

25.91 ലക്ഷം മുതല്‍ 31.12 ലക്ഷം രൂപ വരെയാണു വിവിധ വകഭേദങ്ങള്‍ക്ക് ഡല്‍ഹിയിലെ ഷോറും വില. ആഗോളതലത്തില്‍ 13 ലക്ഷത്തോളം യൂണിറ്റ് വില്‍പ്പനയാണു ‘ഫോര്‍ച്യൂണര്‍’ ഇതുവരെ നേടിയത്; ഇന്ത്യയിലും ഒരു ലക്ഷത്തോളം യൂണിറ്റ് വിറ്റു പോയിട്ടുണ്ട്

Top