new sp charged in kannur-the successor of the original

കണ്ണൂർ: രാഷ്ട്രീയ കലാപങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച കണ്ണൂരിൽ എസ്പിമാരും വാഴില്ല.

പിണറായി സർക്കാർ അധികാരമേറ്റ ഉടനെ നടന്ന പൊലീസ് തലപ്പത്തെ അഴിച്ചുപണിയിൽ കണ്ണൂരിൽ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചത് യുപി സ്വദേശിയും യുവ ഐപിഎസ് ഓഫീസർമാരിൽ സീനിയറുമായ സഞ്ജയ് കുമാർ ഗരുഡിനെയായിരുന്നു.

സി പി എം ജില്ലാ നേതൃത്വത്തിന്റെ കണ്ണിലെ കരടായതൊഴിച്ചാൽ മികച്ച പ്രകടനമാണ് സഞ്ജയ് കണ്ണൂരിൽ കാഴ്ചവച്ചത്. മുഖം നോക്കാതെയുളള എസ്പിയുടെ നടപടി സി പി എം ജില്ലാ സെക്രട്ടറിക്ക് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കേണ്ട സാഹചര്യംവരെയുണ്ടാക്കി.

ശുപാർശകൾ കേൾക്കില്ല എന്നതായിരുന്നു ഈ ഐപിഎസുകാരനിൽ സി പി എം ജില്ലാ നേതൃത്വം കണ്ട പ്രധാന ദോഷം.യുപി സ്വദേശിയാണ് എന്ന ഒറ്റ കാരണത്താൽ സംഘപരിവാർ ബന്ധം ആരോപിച്ചും പ്രചരണം നടന്നു. എന്നാൽ എസ്പിയുടെ കടുത്ത നിലപാടുകളിൽ കാവി പടക്കും ‘പൊള്ളലേറ്റതോടെ’ ആ പ്രചരണത്തിന്റെ മുനയൊടിഞ്ഞു.

എസ്പിയായി ചാർജ്ജെടുത്ത് ഒരു മാസം തികയും മുൻപ് തന്നെ സി പി എം നേതൃത്വവുമായി സഞ്ജയ് ഉടക്കിയിരുന്നു. പാർട്ടി നൽകിയ ലിസ്റ്റ് പ്രകാരം പൊലീസുകാരുടെ സ്ഥലമാറ്റം നടത്താതിരുന്നതിനായിരുന്നു ആദ്യ ഉടക്ക്. പിന്നെയത് ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ ചൊല്ലിയായി വളർന്ന് വഷളാകുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല കൂടി ആയതിനാൽ പാർട്ടി നേതൃത്വത്തിന്റെ വികാരം മാനിച്ച് ആറ് മാസത്തിന് ശേഷം നടന്ന അഴിച്ച് പണിയിൽ സഞ്ജയിനെ പിന്നീട് സ്ഥലം മാറ്റുകയായിരുന്നു.

പകരം സി പി എം ജില്ലാ നേതൃത്വത്തിന്റെ ശുപാർശയിൽ കെ എ പി ( 4 ) കമാണ്ടന്റായ കെ പി ഫിലിപ്പിനാണ് നറുക്ക് വീണത്.

ഡയറക്ട് ഐപിഎസുകാരനേക്കാൾ കൺഫേഡ് ഐപിഎസുകാരനായാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുമെന്ന് കണ്ടായിരുന്നു ഈ നിയമനം. സി ഐയായും ഡിവൈഎസ്പിയുമായൊക്കെ അനവധി വർഷം പ്രവർത്തിച്ച് പരിചയത്തിലായിരുന്നു ഈ ‘സെലക്ഷൻ’. എന്നാൽ കണ്ണൂരിൽ ക്രമസമാധാന പാലന രംഗം ആകെ താറുമാറാക്കാനാണ് പുതിയ എസ്പിയുടെ വരവ് കാരണമായി തീർന്നത്.

ബി ജെ പി പ്രവർത്തകന്റെ കൊലപാതകവും തുടർന്ന് മൃതദേഹവും വഹിച്ച് കൊണ്ട് നടന്ന വിലാപയാത്രക്ക് പൊലീസ് സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിക്ക് മുന്നിലൂടെ റൂട്ട് അനുവദിച്ചതും ഏറെ വിവാദമായിരുന്നു.

പൊലീസിന്റെ ഈ നടപടിക്കെതിരെ സി പി എമ്മും കോൺഗ്രസ്സും ലീഗുമെല്ലാം ശക്തമായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ കടുത്ത കോപത്തിലായിരുന്നു.

സംഭവത്തെ തുടർന്ന് കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്രകാശ്യവിനെ സർക്കാർ ഉടൻ തന്നെ സ്ഥലം മാറ്റിയിരുന്നു. ഐ ജിയാണ് നിർദ്ദേശം നൽകിയതെന്ന് സി പി എം നേതാക്കളോട് എസ്പി വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ തന്റെ കഴിവുകേട് മറക്കാൻ മികച്ച പ്രതിച്ഛായയുള്ള ഐജിയെ എസ് പി ബലിയാടാക്കുകയായിരുന്നുവെന്നാണ് പൊലീസിനുള്ളിലെ ആരോപണം.

ഇതു സംബന്ധമായി ലഭിച്ച ഇന്റെലിജൻസ് റിപ്പോർട്ടും ജില്ലയിലെ പൊലീസ് സംവിധാനം താറുമാറായതും പരിഗണിച്ചാണ് നിയമനം നൽകി ഒരു മാസം കൊണ്ട് തന്നെ ഇപ്പോൾ എസ്പിയെ മാറ്റിയിരിക്കുന്നത്.

പുതിയ എസ്പി ശിവവിക്രം യുവ ഐപിഎസുകാരനാണ്. ഒരു മാസം മുൻപാണ് വയനാട് എസ്പിയായി ചാർജ്ജെടുത്തിരുന്നത്. അതിന് മുൻപ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു.

സഞ്ജയ് ഗരുഡിന് പിൻഗാമിയായാണ് തലസ്ഥാനത്ത് ശിവ വിക്രം എത്തിയിരുന്നത്. ഇപ്പോൾ കണ്ണൂരിലും സഞ്ജയിന്റെ യഥാർത്ഥ പിൻഗാമിയായാണ് വരവ്.

Top