ആടി തകര്‍ത്ത് ജൂനിയര്‍ എന്‍ടിആറും രാം ചരണും; ആര്‍ആര്‍ആറിലെ പുതിയ ഗാനം തരംഗമാവുന്നു

രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ പുതിയ ഗാനം തരംഗമാവുന്നു. രാംചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും തീപ്പൊരി നൃത്തച്ചുവടുകളുമായെത്തുന്ന ഫാസ്റ്റ് നമ്പറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

മരഗതമണിയുടെ സംഗീതത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളത്തില്‍ വരികളെഴുതിയിരിക്കുന്നത്. കരിന്തോല് സംഘമാകെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും യാസിന്‍ നിസാറും ചേര്‍ന്നാണ്.

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ആര്‍ആര്‍.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോള്‍ കോമരം ഭീം ആയി എത്തുന്നത് ജൂനിയര്‍ എന്‍ടിആറാണ്.

450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. 2022 ജനുവരി 7ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

 

Top