വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലിയോയിലെ സെക്കൻഡ് സിങ്കിൾ പുറത്തിറങ്ങി. ‘Badass’ എന്ന പാട്ടിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വിഷ്ണു ഇടവാൻ രചന നിർവഹിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വിജയിയുടെ കഥാപാത്രം എന്താണ് എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഗാനം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. തൃഷയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് തൃഷയും വിജയിയും ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രാണ് ലിയോ എന്നതും പ്രേക്ഷക പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. അതേസമയം, സെപ്റ്റംബര്‍ 30ന് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. ഷോയ്ക്കുള്ള പാസിനായി നിരവധി പേരാണ് എത്തുന്നതെന്നും സുരക്ഷാപ്രശ്നം കടക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം എന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
ദളപതി 68ന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നാണ് വിവരം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം തുടങ്ങുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നത്.