പ്രഭാസ് ചിത്രം സാഹോയിലെ പുതിയ ഗാനം പുറത്തുവിട്ടു

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബാഡ് ബോയ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബാദ്ഷായാണ് .ബാദ്ഷായും നീതി മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭാസും ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് ഗാനരംഗത്തില്‍.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ആഗസ്റ്റ് 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. സുജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫറായ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ഈ ത്രില്ലര്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജാക്കി ഷറഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം 30ന് തീയേറ്ററുകളിലെത്തും

Top