ഐ ഫോണിന് പുതിയ സുരക്ഷാ കവചം; സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ തയ്യാർ

ഫോൺ കാണാതെ പോയാലോ, മോഷ്ടിക്കപ്പെട്ടാലോ ഉടമകൾക്ക് ഭയമാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ​ഫോൺ പോകുന്നതിനേക്കാൾ, അതിലുള്ള ഡാറ്റ പോകുന്നതും അത് ചൂഷണം ചെയ്യപ്പെടുന്നതുമൊക്കെയാണ് ഭീതിപരത്തുന്നത്. മോഷ്ടാവ് പാസ്കോഡ് കണ്ടെത്തിയാൽ പിന്നെ ഐഫോൺ അവരുടെ നിയന്ത്രണത്തിലാകും. അതിലെ ഡാറ്റ ഉപയോഗിച്ച് എന്ത് അതിക്രമവും കാണിക്കാം.

എന്നാലിപ്പോൾ അതിനുള്ള സുരക്ഷാ കവചവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ എന്ന സെക്യൂരിറ്റി ഫീച്ചർ ഐഓഎസ് 17.3-ൽ അവതരിപ്പിച്ചിരിക്കുകയാണ്. മോഷണം പോയ ഐഫോൺ മോഷ്ടാവിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലാക്കാൻ ഈ സേവനത്തിന് കഴിയും.

ആപ്പിൾ സോഫ്റ്റ്​വെയർ അപ്ഡേറ്റിലൂടെ പുറത്തിറക്കിയ പുതിയ ഫീച്ചർ, അംഗീകൃത ലൊക്കേഷനുകൾക്കു പുറത്തെത്തുമ്പോൾ ഫോണിന് സുരക്ഷയൊരുക്കും. അതായത്, മോഷ്ടാവ് ഫോണുമായി നിങ്ങളുടെ വീടോ ജോലിസ്ഥലമോ പോലുള്ള സ്ഥലങ്ങളിൽ നിന്ന് അകലെയായിരിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യാൻ ഐഫോണിന് ബയോമെട്രിക് അൺലോക്കിങ്ങ് ആവശ്യമായി വരും. നിങ്ങൾ സ്ഥിരമായി ഐഫോൺ ഉപയോഗിക്കുന്ന ഇടങ്ങൾക്ക് പുറത്തേക്ക് മോഷ്ടാവ് പോയാൽ ഫേസ് ഐഡി ഉപയോഗിച്ചാൽ മാത്ര​മേ ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയൂ​.

Top