മലപ്പുറത്ത് ഹോം ക്വാറന്റീന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും മലപ്പുറം ജില്ലയിലെ ആശങ്ക വിട്ടൊഴിയുന്നില്ല. മലപ്പുറത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്. മലപ്പുറത്ത് കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നാണ്. കൂട്ടുകുടംബ വ്യവസ്ഥയില്‍ ഇതിന്റെ വ്യാപ്തി വലുതാകുന്നുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് ഒമ്പത് ദിവസം അവസാനിച്ചിട്ടും മാറ്റം വന്നിട്ടില്ല. ആയതിനാല്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാവും പുതിയ മാര്‍ഗനിര്‍ദേശം ബാധകമാവുക. 10ല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും.

പരിശോധനയില്‍ രോഗബാധ കണ്ടെത്തിയാല്‍ ഇവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.കേരളത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ജില്ലയില്‍ 5315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറത്ത് രോഗമുക്തി നേടിയത് 4052 പേര്‍ക്കാണ്.

Top