new rules and regulation in kerala police association

തിരുവനന്തപുരം : ഭരണപക്ഷ അനുകൂല പൊലീസ് സംഘടനകള്‍ പൊലീസ് ഭരണത്തെ നിയന്ത്രിച്ചിരുന്ന ചരിത്രത്തിന് വിരാമമിട്ട് മുഖ്യമന്ത്രി പിണറായി .

ഇടത് അനുകൂല പൊലീസുകാര്‍ ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ പിണറായി സ്ഥലമാറ്റങ്ങള്‍ കൃത്യമായ മാനദണ്ഡ പ്രകാരം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സംസ്ഥാന ഇന്റലിജന്‍സ് ,വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍കൂടി പരിഗണിച്ചായിരിക്കും മേലില്‍ പൊലീസ് ഉദ്യോഗസ്ഥ നിയമനം .ഇനി നടക്കാനിരിക്കുന്ന ക്രൈംബ്രാഞ്ച് ,വിജിലന്‍സ്,ഇന്റലിജന്‍സ് വിഭാഗങ്ങളിലും ക്രമസമാധാന മേഖലയിലും ഇതേ പാത പിന്‍തുടരാനാണ് നിര്‍ദേശം.

യുഡിഎഫ് ഭരണകാലത്ത് പ്രധാന തസ്തികയിലിരുന്നു എന്ന ‘കുറ്റം’ മാത്രം മുന്‍ നിര്‍ത്തി ഒരു ഉദ്യോഗസ്ഥനെയും മാറ്റി നിര്‍ത്തേണ്ടതില്ലെന്നും കഴിവും കാര്യക്ഷമതയും നോക്കി ലിസ്റ്റ് തയ്യാറാക്കാനുമാണ് ഡിജിപിയോടും ഇന്റലിജന്‍സ് ,വിജിലന്‍സ് മേധാവികളോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് .

കളങ്കിതരായ ചില ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാനും ഇനി നടത്തുന്ന നിയമനങ്ങള്‍ കുറ്റമറ്റതാക്കാനുമാണ് തീരുമാനം.

നാദാപുരം ഉള്‍പ്പെടെ മലബാറില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി അടക്കമുള്ള ചില ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്.

മുന്‍പ് പാലക്കാട്,തൃശ്ശൂര്‍ (റൂറല്‍) ജില്ലകളില്‍ എസ്പിയായിരിക്കെ ഗുരുതരമായ ആരോപണത്തില്‍പ്പെട്ട വ്യക്തിയാണ് ഇപ്പോഴത്തെ കോഴിക്കോട് റൂറല്‍ എസ്പി വിജയകുമാര്‍.

എസ്പിമാരടക്കമുള്ള സീനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ച് ആറ് മാസം പോലും പൂര്‍ത്തിയാകാത്തതിനാല്‍ ഐപിഎസ് തലത്തില്‍ അടുത്ത ജനുവരിയോടെ നടക്കുന്ന പ്രമോഷന്‍ സമയത്ത് കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനാണ് നീക്കം.

രാഷ്ട്രീയ ‘ശുപാര്‍ശ ‘ എന്നതിലുപരി ഡിപ്പാര്‍ട്ട്‌മെന്റെ് താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന.

ഇപ്പോള്‍ നിയമിതരായ എസ്പിമാരടക്കമുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനവും ഇതേ മാതൃകയിലായിരുന്നു.

ഡെപ്പ്യൂട്ടേഷനില്‍ നിലവിലുള്ള ഉദ്യോഗസ്ഥരെ മടക്കി കൊണ്ടുവരാനും സംസ്ഥാനത്ത് ഉദ്യോഗസ്ഥന്മാരുടെ കുറവ് ഉള്ളതിനാല്‍ ഡെപ്പ്യൂട്ടേഷന്‍ വല്ലാതെ പ്രേത്സാഹിപ്പിക്കേണ്ടന്നുമാണ് തീരുമാനം.

പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച്, വിജിലന്‍സ് വിഭാഗങ്ങളിലായി നിരവധി ഡിഐജി. ഐ.ജി തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. തിരുവനന്തപുരം , എറണാകുളം കമ്മീഷണര്‍മാരെ മാറ്റാന്‍ കഴിയാതെ ഇരിക്കുന്നതും ആവശ്യത്തിന് ഡിഐജിമാരില്ലാത്തതിനാലാണ്.

നിലവിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ മറ്റ് പല വിഭാഗങ്ങളുടെയും ചുമതല കൂടി വഹിക്കേണ്ടി വരുന്നതിനാല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും തടസമാവുകയാണ്.

ഡെപ്പ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി അവര്‍ മടങ്ങി വന്നാല്‍ എല്ലാ ഭൗതിക സാഹചര്യങ്ങളും, നിഷ്പക്ഷമായ നീതി നിര്‍വഹണവും നടത്താന്‍ അവസരമൊരുക്കാമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

പൊലീസ് ഭരണത്തില്‍ അനാവശ്യ ഇടപെടലുകള്‍ക്ക് മുതിരരുതെന്ന് മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പോലും നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാവില്ലന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്.

പൊലീസ് അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള ഡിജിപിയുടെ നീക്കത്തിനെതിരെ നിലവിലെ യുഡിഎഫ് അനുകൂല അസോസിയേഷന്‍ ഭാരവാഹികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്.

യുഡിഎഫ് അനുകൂല അസോസിയേഷനു വേണ്ടി അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടമാണ് കോടതിയില്‍ ഹാജരാവുന്നത്. ഡിജിപിക്ക് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ തന്നെ നേരിട്ട് ഹാജരാകും.

ഇടത് അനുകൂല അസോസിയേഷന്‍ തിരഞ്ഞെടുക്കപ്പെട്ടാലും മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഐപിഎസുകാരുടെ നിയമനങ്ങളിലടക്കം ഇടപെട്ട സാഹചര്യമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യക്തമാവുന്നത്.

യൂണിഫോമില്ലാതെ പൊലീസ് സംഘടനകളുടെ ഭാരവാഹികള്‍ക്ക് മുഖ്യമന്ത്രിയെയോ സീനിയര്‍ ഉദ്യോഗസ്ഥരേയോ സന്ദര്‍ശിക്കാന്‍ പറ്റുമായിരുന്ന നിലവിലെ സാഹചര്യവും ഇനി നടക്കില്ല.

മുന്‍കൂട്ടി അനുമതി വാങ്ങിയും യൂണിഫോമിട്ടും മാത്രമെ ഇനി അസോസിയേഷന്‍ നേതാക്കള്‍ക്ക് വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും കാണാന്‍ സാധിക്കൂ. ഇത് എസ്‌ഐമാരുടെയും ഡിവൈഎസ്പിമാരുടെയും സംഘടനകള്‍ക്കും ബാധകമാണ്.

നിലവിലെ പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത്ത് എസ്പിയെ തല്ലാന്‍ വരെ ‘ധൈര്യം’ കാട്ടിയ പൊലീസുകാരനാണ് എന്നത് ഓര്‍ക്കുമ്പോഴാണ് അസോസിയേഷന്റെ ‘കൊമ്പ്’ മുറിക്കാനുള്ള പിണറായിയുടെ തീരുമാനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

Top