വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍; പുതിയ നിബന്ധനയുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കുവൈറ്റ് താമസകാര്യ വകുപ്പ് പുതിയ നിബന്ധന ഏര്‍പ്പെടുത്തി. സ്ഥാപനത്തിന്റെ വാണിജ്യ ലൈസന്‍സിന് ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇത് മൂലം നിരവധി സ്ഥാപനങ്ങളുടെ ഇഖാമ നടപടികള്‍ അവതാളത്തിലായതായാണ് റിപ്പോര്‍ട്ട്.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ലൈസന്‍സ് കാലാവധി കൂടി മാനദണ്ഡം ആക്കിയതോടെ ചെറുതും വലുതുമായ നിരവധി കമ്പനികളാണ് പ്രയാസത്തിലായത്. കമ്പനികളുടെ ലൈസന്‍സ് കാലാവധി ആറുമാസത്തില്‍ കുറവാണെങ്കില്‍ ജീവനക്കാരുടെ ഇഖാമ പുതുക്കിനല്‍കില്ലെന്നാണ് താമസകാര്യ വകുപ്പിന്റെ നിലപാട്. മിക്ക കമ്പനികളുടെയും ലൈസന്‍സ് കാലാവധി ആറു മാസത്തിനുള്ളില്‍ അവസാനിക്കും.

ഇഖാമ നടപടികള്‍ക്കായി സമീപിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളെ താമസകാര്യ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണ്. വാണിജ്യ മന്ത്രാലയത്തെ സമീപിച്ചു ലൈസന്‍സ് കാലാവധി നീട്ടിവാങ്ങാനാണ് താമസകാര്യ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്.

Top