പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ലോഞ്ച് ഈ മാസം

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ ലോഞ്ച് ഒടുവില്‍ ഉറപ്പായി. ഈ മാസം 27നാണ് പുതിയ ക്ലാസിക് 350യെ റോയല്‍ എന്‍ഫീല്‍ഡ് വില്പനക്കെത്തിക്കുക. കഴിഞ്ഞ വര്‍ഷം നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്പനക്കെത്തിച്ച മീറ്റിയോര്‍ തയ്യാറാക്കിയ ജെ-പ്ലാറ്റ്‌ഫോമിലേക്ക് മാറിയാണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ വരവ്. ജെ-പ്ലാറ്റ്‌ഫോമില്‍ വിപണിലെത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടാമത് മോഡല്‍ ആണ് 2021 ക്ലാസിക് 350.

പ്ലാറ്റ്‌ഫോം മാത്രമല്ല എന്‍ജിനും മീറ്റിയോര്‍ 350യില്‍ നിന്നും കടമെടുത്തതാണ്. 6,100 ആര്‍പിഎമ്മില്‍ 20.2 എച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 349 സിസി, ഫ്യുവല്‍ ഇന്‍ജെക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുത്തന്‍ ക്ലാസിക് 350യില്‍ ഇടം പിടിക്കുക.

വയര്‍ സ്‌പോക്ക് അലോയ് വീലുകള്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ്, മഴത്തുള്ളികണക്കെയുള്ള പെട്രോള്‍ ടാങ്ക് എന്നിങ്ങനെ ക്ലാസിക് 350യെ പ്രശസ്തമാക്കിയ ചേരുവകള്‍ക്ക് ഒന്നും തന്നെ പുത്തന്‍ പതിപ്പിലും മാറ്റം വരുത്തിയിട്ടില്ല. അതെ സമയം പുതിയ വൃത്താകൃതിയിലുള്ള ടെയില്‍ ലാംപ് 2021 ക്ലാസിക് 350യില്‍ ഇടം പിടിക്കും. പുറകിലെ നമ്പര്‍ പ്ലേറ്റ് ഭാഗം മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

ക്ലാസിക് 350-യുടെ പ്രധാന പോരായ്മയായി ചൂണ്ടികാണിച്ചിരുന്ന വലിപ്പം കുറവുള്ള സഹയാത്രികനുള്ള സീറ്റ് 2021 മോഡലില്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ട് എന്ന് അനൗദ്യോഗികമായി പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കൂടുതല്‍ നിറങ്ങളിലും, ക്ലാസിക് ലുക്ക് ഊട്ടിയുറപ്പിക്കുന്ന ഗ്രാഫിക്‌സിലും 2021 ക്ലാസിക് 350 വിപണിയിലെത്തും.

പുത്തന്‍ ക്ലാസിക് 350യുടെ മറ്റൊരു പ്രധാന ആകര്‍ഷണം മീറ്റിയോറിലൂടെ അരങ്ങേറുകയും പിന്നീട് 2021 ഹിമാലയനില്‍ ഇടം പിടിക്കുകയും ചെയ്ത ട്രിപ്പര്‍ നാവിഗേഷനാണ്. ഗൂഗിളിന്റെ സഹകരണത്തില്‍ തയ്യാറാക്കിയിരിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ആണ് ട്രിപ്പര്‍ നാവിഗേഷന്‍. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വലതുവശത്തായാണ് ട്രിപ്പര്‍ നാവിഗേഷന്റെ ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മാറ്റം വരുത്തും.

 

Top