മോശയുടെ അംശവടി വെറും ഊന്നുവടി; മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുമായി മോന്‍സണ് പുരാവസ്തുക്കള്‍ നല്‍കിയ സന്തോഷ് രംഗത്തെത്തി. മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി വെറും ഊന്നുവടിയാണെന്നും കൃഷ്ണന്റെ ഉറി എന്നുപറഞ്ഞിരുന്നത് സാധാരണ ഉറിയായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലില്‍ സംസാരിക്കുകയായിരുന്നു സന്തോഷ്. പുരാവസ്തുക്കള്‍ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് ആവശ്യമായ വസ്തുക്കള്‍ നല്‍കുകയും ചെയ്യുന്നയാളാണ് സന്തോഷ്.

മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്നും വെറും നാല്‍പ്പത് മുതല്‍ അമ്പത് വര്‍ഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് അതെന്നുമാണ് സന്തോഷ് പറയുന്നത്. കൃഷ്ണന്റെ ഉറി എന്നവകാശപ്പെടുന്ന ഉറി ഒരു പഴയ വീട്ടില്‍ തൈരും വെണ്ണയും ഇട്ടുവയ്ക്കുന്നതായിരുന്നുവെന്നും അതിന് അറുപത് വര്‍ഷത്തെ പഴക്കം മാത്രമുള്ളതാണെന്നും വെളിപ്പെടുത്തി. നബിയുടെ വിളക്കെന്ന് പറഞ്ഞത് ജൂതര്‍ ഉപയോഗിച്ചിരുന്ന മണ്‍വിളക്കാണ്. വിളക്കിന് പരമാവധി 100 കൊല്ലത്തെ പഴക്കം മാത്രമാണുള്ളത്. എല്ലാവസ്തുക്കളും കാലപ്പഴക്കമുള്‍പ്പടെ പറഞ്ഞാണ് താന്‍ വിറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.

പുരാവസ്തുക്കളില്‍ ഭൂരിഭാഗവും തന്റെ പക്കല്‍ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞ സന്തോഷ് എന്നാല്‍ അവയ്ക്ക് ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി. ‘ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ വരാറുണ്ട് എന്ന് പറയുമ്പോള്‍ സാധനങ്ങള്‍ കൊണ്ടുകൊടുക്കും. പക്ഷേ വിറ്റതായി അറിയില്ല. എല്ലാം സാധനങ്ങളും അവിടെത്തന്നെയുണ്ട്. യൂട്യൂബ് വീഡിയോയില്‍ മോശയുടേതെന്നും കൃഷ്ണന്റേതെന്നുമെല്ലാം പറഞ്ഞ് സാധനങ്ങള്‍ പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ അന്വേഷിച്ചു. തട്ടിപ്പിന് വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കൗതുകത്തിന് വേണ്ടിയാണ് അങ്ങനെ പറയുന്നതെന്നായിരുന്നു മറുപടി’ സന്തോഷ് പറഞ്ഞു.

Top