റഫാലിലെ പുതിയ വെളിപ്പെടുത്തല്‍; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ടെന്ന് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇരുരാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനും കമ്മീഷനും എങ്ങനെ അനുവദിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാടില്‍ യഥാര്‍ഥത്തില്‍ എത്രമാത്രം കൈക്കൂലിയും കമ്മീഷനും നല്‍കിയെന്നും കേന്ദ്രസര്‍ക്കാരില്‍ ആരാണ് ഈ പണം കൈപ്പറ്റിയതെന്നും കണ്ടെത്താന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തെ പ്രതിരോധ കരാറിനുള്ള നടപടിക്രമം അനുസരിച്ച് ഇടപാടില്‍ ഏതെങ്കിലും ഇടനിലക്കാരനോ കമ്മീഷനോ കൈക്കൂലിയോ വാങ്ങിയെന്നതിന് തെളിവ് ലഭിച്ചാല്‍ അത് ഗുരുതരമായ കുറ്റമാണ്. നിയമം അനുസരിച്ച് കരാര്‍ റദ്ദാക്കുക, ഇടപാടുകാരെ വിലക്കുക, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, കമ്പനിക്ക് കനത്ത പിഴ ചുമത്തുക എന്നിവ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്നും സുര്‍ജേവാല ചൂണ്ടിക്കാണിച്ചു.

 

Top