സിനിമയില്‍ നായികയോ ഗാനങ്ങളോ ഉണ്ടാകില്ല? ദളപതി 67നെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്

‘മാസ്റ്റര്‍’ എന്ന സിനിമയ്ക്ക് ശേഷം വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുത്തന്‍ റിപ്പോര്‍ട്ടുകളാണ് വരുന്നത്.

സിനിമയില്‍ നായികയോ ഗാനങ്ങളോ ഉണ്ടായിരിക്കില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ദളപതി 67 എന്നും സൂചനകളുണ്ട്.

കമല്‍ഹാസന്‍ നായകനാകുന്ന ‘വിക്രമാണ്’ ലോകേഷ് കനകരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബീസ്റ്റാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രം. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. അതിനു ശേഷം വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും വിജയ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top