ജയിലിൽ ഇനിമുതൽ പുതിയ പരിഷ്ക്കാരങ്ങൾ

കൊല്ലം : ജയിലിൽ പുതിയ പരിഷ്ക്കാരങ്ങൾ ഒരുക്കി ജയിൽ ഡിജിപി. ജയിലുകളിൽ ഇനി പകൽ സമയങ്ങളിൽ മുഴുവൻ പാട്ടുകേൾക്കാം. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാണ് എഫ്എം റേഡിയോ വഴി പാട്ട് കേൾക്കാൻ ഉള്ള സൗകര്യം ഒരുക്കുന്നത്. വ്യായാമം നിർബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ ഫോൺ നമ്പരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കും.

വിമുഖതകാട്ടുന്നവരെ ഫോൺവിളിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി പറയുന്നു.ജയിലുകളിലെ ആത്മഹത്യശ്രമത്തെ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജയിലിലെ പൊതുധാരയിൽ അംഗമാകാനും പിന്നീട് സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാനാകുംവിധം തടവുകാർക്ക് തുടർച്ചയായി മാനസികാരോഗ്യ പരിപാലനം നൽകണമെന്നതായിരുന്നു പ്രധാനം. ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാർക്ക് മാനസികപിന്തുണയും ആശ്വാസവും പകരുന്ന ബന്ധം വളർത്തിയെടുക്കാൻ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.

Top