ഇലോൺ മസ്‌കിന് പുതിയ റെക്കോർഡ്; ഒരു ദിവസംകൊണ്ട് സമ്പത്തിലുണ്ടായ വര്‍ധന 2.71 ലക്ഷം കോടി

രു ദിവസം കൊണ്ട് ഇലോണ്‍ മസ്‌ക് വീണ്ടും ചരിത്രത്തില്‍ ഇടം നേടി. മസ്‌കിന്റെ സ്വകാര്യ ആസ്തിയില്‍ ഒരു ദിവസം കൊണ്ടുണ്ടായ വര്‍ധന 2.71 ലക്ഷം കോടി രൂപ. ഹെട്‌സ് ഗ്ലോബല്‍ ഹോള്‍ഡിങ്‌സ് ഒരു ലക്ഷം ടെസ് ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതാണ് സമ്പത്ത് കുതിച്ചുയരാനിടയാക്കിയത്.

ഓര്‍ഡര്‍ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9ശതമാനം കുതിച്ച് 1,045.02 ഡോളര്‍ നിലവാരത്തിലെത്തി. റോയിട്ടേഴ്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളായി ഇതോടെ ടെസ് ല മാറി. ടെസ് ലയില്‍ മസ്‌കിനുള്ള ഓഹരി വിഹിതം 23ശതമാനമാണ്. റിഫിനിറ്റീവിന്റെ കണക്കുപ്രകാരം ഇത്രയും ഓഹരിയുടെ മൂല്യം 289 ബില്യണ്‍ ഡോളറാണ്. ബ്ലൂംബര്‍ഗിന്റെ തത്സമയ ശതകോടീശ്വര പട്ടികയുടെ ചരിത്രത്തില്‍ ഒരൊറ്റദിവസം ഒരാള്‍ നേടുന്ന ഉയര്‍ന്ന ആസ്തിയാണിത്.

ചൈനീസ് വ്യവസായി സോങ് ഷാന്‍ഷന്റെ കുപ്പിവെള്ള കമ്പനി വിപണിയില്‍ ലിസ്റ്റ്‌ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരൊറ്റദിവസം 32 ബില്യണ്‍ വര്‍ധനവുണ്ടായിരുന്നു. ഈ ചരിത്രമാണ് മസ്‌ക് തിരുത്തിയത്.

ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബറ്റ് എന്നിവ ഉള്‍പ്പെടുന്ന ട്രില്യണ്‍ ഡോളര്‍ കമ്പനികളുടെ എലൈറ്റ് ക്ലബില്‍ അംഗമാകുന്ന ആദ്യത്തെ കാര്‍ നിര്‍മാതാവാണ് ടെസ് ല.

 

Top