രവീന്ദ്രൻ പട്ടയം; പുതിയ പട്ടയങ്ങൾ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും

ഇടുക്കി: ദേവികുളം താലൂക്കിലെ വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും. പട്ടയങ്ങൾ റദ്ദാക്കുന്നതിനു മുന്നോടിയായുള്ള അഞ്ചാമത്തെ ഹിയറിംഗ് ചൊവ്വാഴ്ച നടക്കും.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി നാൽപ്പത്തിയഞ്ചു ദിവസത്തിനകം പുതിയത് നൽകുമെന്ന് ജനുവരി 18നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും ഹിയറിംഗ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നപടികൾ വേഗത്തിലാക്കാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയത്. മറയൂർ. കീഴാന്തൂർ, കാന്തല്ലൂർ, കുഞ്ചിത്തണ്ണി, കെഡിഎച്ച്, വെള്ളത്തൂവൽ എന്നീ വില്ലേജുകളിലെ ഹിയറിംഗാണ് ഇതുവരെ നടത്തിയത്. നാലു ഹിയറിഗുകളിലായി 334 പേർ ഹാജരായി. ഇതിൽ 311 പേരുടെയം ഭൂമി അവരുടെ തന്നെ കൈവശമാണ്. 184 പട്ടയങ്ങളുടെ ഹിയറിംഗ് പൂർത്തിയാക്കി. 39 എണ്ണം റദ്ദു ചെയ്തു. നടപടികൾ വേഗത്തിലാക്കാൻ മറ്റു ജില്ലകളിൽ നിന്നുൾപ്പടെ 45 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇതിൽ 35 പേരെയും തിരിച്ചു വിളിച്ചതോടെ നടപടികൾ മന്ദഗതിയിലായി.

പട്ടയം റദ്ദാക്കുന്നതിനൊപ്പം പുതിയ അപേക്ഷയും നൽകുന്നുണ്ട്. ഇത് വില്ലേജ് ഓഫീസിലെത്തിയാൽ ഉടൻ തന്നെ സ്ഥല പരിശോധനയും സർവേയും നടത്താൻ നിർദ്ദേശം നൽകും. ഇതിനു ശേഷം സമയ ബന്ധിതമായി ഭൂമി പതിവ് കമ്മറ്റികൾ ചേർന്ന് അംഗീകാരം നൽകാനും തീരുമാനമായിട്ടുണ്ട്

Top