സെന്‍ട്രല്‍ ജയിലുകളില്‍ പോയി പെട്രോളടിക്കാം; ജയില്‍ വകുപ്പിന്റെ പുതിയ പദ്ധതി

CENTRAL PRISON

തിരുവനന്തപുരം : സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ ചപ്പാത്തിയും ചിക്കനും ഉള്‍പ്പെടെയുള്ള ഭക്ഷ പദാര്‍ത്ഥങ്ങള്‍ വില്പന നടത്തുന്നുണ്ട്. എന്നാല്‍ ഇതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ജയില്‍ വകുപ്പ് അധികൃതര്‍. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പുറമെ ജയിലുകളില്‍ ഇനിമുതല്‍ പെട്രോളും ലഭ്യമാക്കാനാണ് തീരുമാനം.

ജയില്‍ വകുപ്പും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് പമ്പുകള്‍ ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭവന്റെ അടുത്തുള്ള ഭാഗത്തും വിയ്യൂരില്‍ കെഎസ്ഇബി ഓഫീസിന് എതിര്‍വശത്തുമാണ് പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജയില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയും തടവുകാരുടെ തൊഴില്‍ പരിശീലനം വിപുലീകരിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി ചെലവ്.

തടവുകാരായിരിക്കും പെട്രോള്‍ പമ്പിലെ ജീവനക്കാര്‍. ജയിലിന് പുറത്ത് ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ നല്ല നടപ്പുള്ള ജീവനക്കാരെ മാത്രമാണ് പമ്പില്‍ ജീവനക്കാരായി നിയമിക്കുക. 13 മുതല്‍ 15 വരെ തടവുകാരെയാണ് ആദ്യം ജോലിയ്‌ക്കെടുക്കുക. ആദ്യഘട്ടത്തില്‍ പകല്‍ സമയങ്ങളില്‍ മാത്രമായിരിക്കും പമ്പിന്റെ പ്രവര്‍ത്തനം.

വിറ്റഴിയുന്ന പെട്രോളില്‍ ലിറ്ററിന് രണ്ട് രൂപ എന്ന നിലയിലാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം. പമ്പിന്റെ പ്രവര്‍ത്തനത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചുവെങ്കിലും ഫയര്‍ ആന്റ് സേഫ്റ്റി, പിഡബ്ല്യുഡി വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടില്ല.

Top