ഒരു കാലത്തെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാലിന്റെയും സംവിധായകന് വിനയന്റെയും. എന്നാല്‍ വിവാദങ്ങളില്‍ പെട്ട് കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രേഷകര്‍ക്ക് ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമകള്‍ കാണാന്‍ സാധിച്ചിട്ടില്ല. ഇപ്പോളിതാ പ്രേഷകരുടെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് മോഹന്‍ലാല്‍- വിനയന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത വിനയന് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്നും കഥയെപ്പറ്റി തീരുമാനിച്ചില്ലെങ്കിലും മാര്‍ച്ച് അവസാന വാരം ഷൂട്ടിങ്ങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം മോഹന്‍ലാലുമായുള്ള ചിത്രത്തിന്റെ പേപ്പര്‍ വര്‍ക്ക് തുടങ്ങുമെന്നും വിനയന് പറഞ്ഞു.
മോഹന്‍ലാലിന്റെ രൂപ സാദൃശ്യമുള്ള മദന്‍ലാലിനെ വെച്ച് വിനയന് സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞു വിനയനു നേരെ വലിയ ആക്ഷേപം ഉയരുകയും ചെയ്തു. ആ വിവാദത്തിനു ശേഷം പിന്നീടിതുവരെ മോഹന്‍ലാല്‍-വിനയന് കൂട്ടുകെട്ടില്‍ ഒരു സിനിമ ജനിച്ചിട്ടില്ല.
ഇപ്പോളിതാ പഴയ പിണക്കങ്ങളൊക്കെ മറന്ന് ഇരുവരും ഒന്നിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
വിനയന്റെ വാക്കുകളിലൂടെ…
ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി ഏറെ നേരം സംസാരിച്ചിരുന്നു… വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്… ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത എല്ലാ സിനിമ സ്നേഹികളേയും എന്റെ പ്രിയ സുഹൃത്തുക്കളെയും സ്നേഹപൂര്‍വം അറിയിച്ചുകൊള്ളട്ടെ. കഥയെപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല… ഏതായാലും മാര്‍ച്ച് അവസാന വാരം ഷൂട്ടിങ്ങ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥപറയുന്ന ബൃഹത്തായ ഒരു ചിത്രമയിരിക്കും അത്. ഏവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.