new president in america -lead trio in the world

വാഷിംങ്ടണ്‍: ഇനി ലോകത്തെ നിയന്ത്രിക്കുക പുടിന്‍-ട്രംപ്-മോദി ത്രിമൂര്‍ത്തി സഖ്യം.

അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് ലോകത്തെ ശക്തിക ചേരികളില്‍ വലിയമാറ്റമാണ് ഉണ്ടാക്കാന്‍ പോവുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിനുമായി അടുത്ത സൗഹൃദമാണ് ട്രംപിന് ഉള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകന്‍ കൂടിയാണ് അദ്ദേഹം.

ഇന്ത്യന്‍ വംശജരില്‍ നല്ലൊരു വിഭാഗത്തിന്റെ വോട്ട് ട്രംപിന് ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യയോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് ട്രംപിന്റെ മകള്‍ രംഗത്തിറങ്ങിരുന്നു.

ഭീകരതക്കെതിരെ ആഞ്ഞടിച്ച ട്രംപ് ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തെ പിന്‍തുണക്കുകയും ഇന്ത്യയുമായി ചേര്‍ന്ന് ഭീകരതയെ ഉന്മൂലനം ചെയ്യാന്‍ താന്‍ പ്രസിഡന്റായാല്‍ മുന്നിട്ടിറങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.’മോദി സ്‌റ്റൈല്‍’ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രയോഗിച്ച അദ്ദേഹം മോദിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

യുഎസ് പ്രസിഡന്റായാല്‍ അമേരിക്കയിലെ ഹിന്ദുക്കളായ ഭാരതീയര്‍ക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുകയെന്നും ട്രംപ് പ്രചരണ സമയത്ത് വ്യക്തമാക്കിയിരുന്നു. മോദിയിലും ഭാരതത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭരണത്തിന്റെ എല്ലാ മേഖലയിലും മോദിയുടെ രീതി പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ഹിന്ദുക്കളുടെയും ഭാരതീയരുടെയും വലിയ ആരാധകനാണ് താന്‍ 19 മാസം മുന്‍പ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇനിയും ഒരുപാട് തവണ ഭാരതം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു. ഭാരതം വന്‍തോതില്‍ ഭീകരത നേരിടുന്ന രാജ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിനെതിരെ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയും ആഹ്വാനം ചെയ്തിരുന്നു.

റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായുള്ള ട്രംപിന്റെ സൗഹ്യദം ഡെമോക്രാറ്റിക്കുകള്‍ ശക്തമായ പ്രചരണമാക്കിയപ്പോഴും അടുത്ത സുഹൃത്തായ പുട്ടിനെ തള്ളി പറയാന്‍ ട്രംപ് തയ്യാറായിരുന്നില്ലന്നതും ശ്രദ്ധേയമാണ്.

ബിസിനസ്സ് രംഗത്ത് നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലിറങ്ങി ലോക പൊലീസിന്റെ തലവനായി ട്രംപ് മാറിയ കാഴ്ച ലോകത്തെ തന്നെ ഇപ്പോള്‍ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് ഇമെയില്‍ വിവാദമാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ട്രംപ് കടപ്പെട്ടിരിക്കുന്നത് എഫ്ബിഐ മോധാവി ജയിംസ് കോമിയോടാണ്.

കാരണം ഡെമോക്രാറ്റിക്കുകളെ ഞെട്ടിച്ച് ഇമെയില്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് അദ്ദേഹമാണ്.

പിന്നീട് ഭരണതലത്തിലെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഹില്ലരിക്ക് അനുകൂലമായ റിപ്പോര്‍ട്ട് എഫ്.ബി.ഐ നല്‍കിയെങ്കിലും തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ അത് ആരും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.

റഷ്യയുമായി വന്‍ ആയുധ ഇടപാടില്‍ ഒപ്പ്‌വച്ച് ശക്തമായി മുന്നോട്ട് പോവുന്ന ഇന്ത്യക്ക് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ ഇനി ചൈനയെപോലും വെല്ലുവിളിക്കാനുള്ള ആത്മവിശ്വാസമാണ് കൈവന്നിരിക്കുന്നത്.

ചൈനയുടേയും ഉത്തര കൊറിയയുടേയും നിലപാടുകളില്‍ കടുത്ത് അസംതൃപ്തിയുള്ള അമേരിക്കക്ക് ട്രംപ് കൂടി അധികാരത്തില്‍ വരുന്നതോടെ മേഖലയില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിച്ച് ചൈനക്ക് ശക്തമായ തിരിച്ചടി നല്‍കുക എന്ന തന്ത്രം പയറ്റുമെന്നാണ് നയതന്ത്ര വിദഗ്ദരും വിശ്വസിക്കുന്നത്.

ഇന്ത്യ-അമേരിക്ക-റഷ്യ ത്രിമൂര്‍ത്തി സഖ്യത്തില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, ആസ്‌ട്രേലിയ, ജര്‍മ്മനി, ഇസ്രായേല്‍ തുടങ്ങിയ നിരവധി ലോക രാജ്യങ്ങള്‍ കൂടി ചേരുന്നതോടെ ലോകത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണമാണ് ഈ സംഘത്തിന് കൈവരുന്നത്.

പാകിസ്ഥാനെ സംബന്ധിച്ചും ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാന്‍ പോവുന്നത്. അമേരിക്ക നിലപാട് കടുപ്പിക്കുന്നതോടെ ഭീകരവാദികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമാകും.അതല്ലങ്കില്‍ മുമ്പ് അല്‍ക്വെയ്ത നേതാവ് ഒസാമ ബില്‍ ലാദനെ പാകിസ്ഥാനില്‍ കയറി വധിച്ചത് പോലെത്തെ മിന്നല്‍ ആക്രമണം അമേരിക്ക തന്നെ മുന്‍കൈ എടുത്ത് നടത്തിയേക്കും

സിറിയ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങള്‍ക്കും ഇനി വേഗത കൂടും.

ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍ ലോകത്തിനൊപ്പം നിന്ന് പോരാടാന്‍ തയ്യറാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാനെയും പാക് അധീന കാശ്മീരിനെയും മോചിപ്പിക്കാന്‍ അമേരിക്ക,റഷ്യന്‍ സഹായത്തോടെ ഇന്ത്യ ശ്രമിച്ചേക്കുമെന്ന ഭീതിയിലാണിപ്പോള്‍ പാകിസ്ഥാനെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top