ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ്; പഠനം നടത്താന്‍ വാപ്‌കോസ് കമ്പനി

തിരുവനന്തപുരം: ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാനുള്ള വിശദമായ പഠനം നടത്താന്‍ കമ്പനിയെ തിരഞ്ഞെടുത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് (വാട്ടര്‍ ആന്റ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്) ആണ് തെരഞ്ഞെടുത്തത്. ഇവരുമായുള്ള കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കും.

കെഎസ്ഇബി പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ആഗോള ടെണ്ടര്‍ വിളിച്ചത്. വിദേശ കമ്പനികളടക്കം 4 കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്.

സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദന നിലയം സ്ഥിതിചെയ്യുന്ന മൂലമറ്റത്ത് തന്നെ ആയിരിക്കും പുതിയ ഭൂഗര്‍ഭ നിലയവും സ്ഥാപിക്കുക.
780 മെഗാവാട്ടിന്റേ പദ്ധതിയില്‍ 6 ജനറേറ്ററുകളുണ്ടാകും.ഇപ്പോഴുള്ള നിലയത്തിന്റെ ശേഷിയും 780 മെഗാവാട്ടാണ്. 6 ജനറേറ്റുകളാണുള്ളത്.

സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങള്‍ വാപ്‌കോസ് വിശദമായി പഠിക്കും. ഇതിനുശേഷം കേന്ദ്രസര്‍ക്കാരിന്റെ വിവിധ അനുമതികള്‍ക്കായി സമര്‍പ്പിക്കും. ഇതിനുശേഷമേ നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ.

മല തുരന്ന് നിര്‍മിക്കുന്ന നിലയത്തിലേക്കെത്താന്‍ 700 മീറ്ററോളം ടണലിലൂടെ സഞ്ചരിക്കേണ്ടിവരും. പദ്ധതിക്ക് 20,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ 2 വര്‍ഷം വേണ്ടിവരുമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

Top