രാഹുല്‍ രാമന്‍, മോദി രാവണന്‍; ഉത്തര്‍പ്രദേശില്‍ വീണ്ടും പോസ്റ്റര്‍ വിവാദം

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. ബീഹാറില്‍ രണ്ടാം തവണയും രാഹുല്‍ ഗാന്ധിയെ രാമനാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. രണ്ടാമത്തെ പോസ്റ്ററില്‍ രാവണനായി പ്രധാനമന്ത്രി മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 29 ന് ആദ്യം പുറത്തിറക്കിയ പോസ്റ്ററില്‍ ‘രാവണന്‍’ ഉണ്ടായിരുന്നില്ല. പുതിയതായി പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററില്‍ പത്ത് തലയുള്ള രാവണനായി മോദിയുണ്ട്. മോദിയുടെ തലയ്ക്കിരുവശങ്ങളും ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സംഭവിച്ച അക്രമങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. അതില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മുതല്‍ കര്‍ഷക പ്രശ്‌നങ്ങള്‍ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോസ്റ്ററിലുടനീളമുള്ളത് ബിജെപിയുടെ ദുര്‍ഭരണം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി രാമരാജ്യം കൊണ്ടുവരുമെന്ന സൂചനയാണ് ‘അവര്‍ രാമനാമം ജപിച്ചിരിക്കട്ടെ, താങ്കള്‍ സ്വയം രാമനാകും’ എന്നായിരുന്നു ആദ്യപോസ്റ്ററിലെ വാചകങ്ങള്‍. ഫെബ്രുവരി 3-ന് പട്‌നയിലെ ഗാന്ധി മൈതാനില്‍ സംഘടിപ്പിക്കുന്ന റാലിയോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പും രാഹുലിനെ രാമനാക്കിയും മോദിയെ രാവണനാക്കിയും ഉത്തര്‍പ്രദേശില്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പോസ്റ്ററിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി, ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരേയാണ് പട്‌ന സിവില്‍ കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്നത്. ബീഹാറില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന മെഗാറാലിക്ക് മുന്നോടിയായിട്ടായിരുന്നു പോസ്റ്റര്‍ തയ്യാറാക്കിയത്.

Top