തമിഴകത്ത് പുതിയ ‘പോർമുഖം’ വരും, ഉദയനിധിക്ക് എതിരി ദളപതി വിജയ് ?

മിഴക മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പിന്‍ഗാമി ഇനി ആരാണ്? പാര്‍ട്ടിയില്‍ അത് ഇനി ഉദയനിധി സ്റ്റാലിന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമുണ്ടാകുകയില്ല. എന്നാല്‍ അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് ഉദയ നിധിക്ക് ദൂരം വളരെ കൂടുതലായിരിക്കും. വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച് എം.എല്‍.എ ആയിട്ടും ഉദയനിധിയെ സ്റ്റാലിന്‍ മന്ത്രിയാക്കാതിരുന്നത് വ്യക്തമായ കണക്കു കൂട്ടലിലാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനു മുന്‍പ് ജനപ്രീതിയുള്ള ഒരു താരമായി ഉദയനിധി മാറണമെന്നതാണ് സ്റ്റാലിന്‍ ആഗ്രഹിക്കുന്നത്. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് ഉദയനിധിക്ക് ഇനി എതിരാളികളും സിനിമയില്‍ നിന്നു തന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഏറെ ഭയപ്പെടുന്നത് ദളപതി വിജയ് യെ ആണ്.

ഇത്തവണ അദ്ദേഹം രംഗത്തിറങ്ങിയില്ലങ്കിലും രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇല്ല എന്ന് ഇതുവരെ ദളപതി പ്രഖ്യാപിച്ചിട്ടില്ല. ഡി.എം.കെ മുന്നണി ഇപ്പോള്‍ നേടിയ തകര്‍പ്പന്‍ വിജയത്തില്‍പ്പോലും ഒരു പങ്ക് ദളപതിക്ക് അവകാശപ്പെട്ടതാണ്. വോട്ടെടുപ്പ് ദിവസം സൈക്കിള്‍ ചവിട്ടി പോളിങ് ബൂത്തിലെത്തിയ ദളപതിയുടെ വീഡിയോ സെക്കന്റുകള്‍ക്കുള്ളിലാണ് വൈറലായത്. ഇന്ധന വില വര്‍ദ്ധനവിനും വിലക്കയറ്റത്തിനും എതിരായ ദളപതിയുടെ സന്ദേശമായും ഈ സൈക്കിള്‍ യാത്ര ചിത്രീകരിക്കപ്പെട്ടു. സൈക്കിളിന്റെ കളര്‍ ഡി.എം.കെയുടെ കൊടിയുടെ കളറായ കറുപ്പും ചുവപ്പുമായത് ഡി.എം.കെ അണികളെയും ഏറെ ആവേശത്തിലാക്കിയിരുന്നു.

പ്രതീഷിച്ച വിജയത്തിനും അപ്പുറമാണ് ഡി.എം.കെ മുന്നണി ഇത്തവണ നേടിയിരിക്കുന്നത്. ഭരണപക്ഷത്തെ ഭിന്നതയും ശശികലയുടെയും ടി.ടി.വി ദിനകരന്റെയും സാന്നിധ്യവുമെല്ലാം അണ്ണാ ഡി.എം.കെക്കാണ് തിരിച്ചടിയായത്. ബി.ജെ.പി സഹവാസവും ദ്രാവിഡ മണ്ണില്‍ അപ്രതീക്ഷിത പ്രഹരമായി. ഇനി ഒരു തിരിച്ചു വരവ് കേരളത്തിലെ കോണ്‍ഗ്രസ്സിനെ പോലെ തമിഴകത്ത് അണ്ണാ ഡി.എം.കെക്കും അത്ര എളുപ്പമല്ല. ഇപ്പോള്‍ തന്നെ ആ പാര്‍ട്ടിയെ പിളര്‍ത്താനാണ് ശശികലയും ടീമും ശ്രമിക്കുന്നത്. തമിഴ്‌നാട് മുന്‍ മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ സിവി ഷണ്‍മുഖനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ ഇപ്പോള്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശശികലയുടെ നേതൃത്വത്തില്‍ വധഭീഷണിയുണ്ടെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ശശികലയെ കൂടാതെ 500 അടുത്ത അനുയായികള്‍ക്കെതിരെയും ഷണ്‍മുഖന്‍ പരാതി നല്‍കിയിട്ടുണ്ട്. 506 (1), 507, ഐപിസി 109, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അണ്ണാ ഡിഎംകെയില്‍ ഒരിക്കലും ശശികലയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കാണിച്ച് ഷണ്‍മുഖന്‍ നേരത്തെ പത്രക്കുറിപ്പും ഇറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തനിക്ക് നിരവധി വധഭീഷണി ഫോണ്‍ കോളുകള്‍ വന്നതെന്നാണ് അദ്ദേഹം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ കേസ് ശശികല വിഭാഗത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. അണ്ണാ ഡി.എം.കെയില്‍ ശശികല അധികം താമസിയാതെ തന്നെ ആധിപത്യം പുലര്‍ത്തുമെന്നാണ് അവരുടെ അനുയായികള്‍ വിശ്വസിക്കുന്നത്.

ഡി.എം.കെയെ സംബന്ധിച്ചാകട്ടെ ‘കളികളെല്ലാം’ ഗാലറിയില്‍ ഇരുന്ന് കാണാം എന്ന നിലപാടിലുമാണ്. അണ്ണാ ഡി.എം.കെയില്‍ ഒരു പിളര്‍പ്പു കൂടി ഉണ്ടായാല്‍ അത് ലോകസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിക്കാണ് ഏറെ ഗുണം ചെയ്യുക. കമല്‍ ഹാസന്റെ ‘മക്കള്‍ നീതിമയ്യം’ തവിടു പൊടി ആയതിനാല്‍ തല്‍ക്കാലം ആ ഭീഷണിയും ഒഴിവായിട്ടുണ്ട്. ഇനി ഭീഷണി ഉണ്ടാവുകയാണെങ്കില്‍ അത് ദളപതിയില്‍ നിന്നു മാത്രമായിരിക്കും. കമല്‍ അല്ല വിജയ് എന്ന് ഏറ്റവും നന്നായി അറിയാവുന്നതും മുഖ്യമന്ത്രി സ്റ്റാലിനാണ്. അടുത്ത ഊഴത്തില്‍ എതിരാളിയായി വിജയ് ഇറങ്ങിയാല്‍ തമിഴക രാഷ്ട്രീയ ചരിത്രമാണ് മാറുക.

ഇന്ന് തമിഴകത്ത് ഏറ്റവും അധികം ആരാധകര്‍ ഉള്ള താരമാണ് വിജയ്. താഴെ തട്ടു മുതല്‍ സജീവമായ ദളപതിയുടെ ഫാന്‍സ് അസോസിയേഷനുകള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പോലും വലിയ പേടി സ്വപ്‌നമാണ്. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഓരോ ജില്ലയിലും വിജയ് ഫാന്‍സിനുണ്ട്. ഇതില്‍ സ്ത്രീകളുടെ പങ്കാളിത്വം എടുത്ത് പറയേണ്ടതു തന്നെയാണ്. വിജയ് എന്തു തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കാനാണ് ആരാധകരുടെ തീരുമാനം. തന്റെ സിനിമകളിലൂടെ ഏറ്റവും രൂക്ഷമായി വിജയ് വിമര്‍ശിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാറിനെയാണ്. കഴിഞ്ഞ എടപ്പാടി സര്‍ക്കാറും ദളപതിയുടെ വിമര്‍ശനത്തിന്റെ ചൂട് ശരിക്കും അറിഞ്ഞിട്ടുണ്ട്.

സിനിമയല്ല രാഷ്ട്രീയമെന്ന് കേരളത്തില്‍ പറയുന്ന പോലെ തമിഴകത്ത് ആര്‍ക്കും പറയാന്‍ പറ്റുകയില്ല. കാരണം അവിടെ സിനിമയും സൂപ്പര്‍ താരങ്ങളും തന്നെയാണ് ഇപ്പോഴും രാഷ്ട്രീയത്തിലെ ഗതി നിര്‍ണ്ണയിക്കുന്നത്. ഇത്തവണ ഭരണപക്ഷത്തെ വോട്ടുകള്‍ ഭിന്നിച്ചതും അണ്ണാ ഡി.എം.കെയുടെ തകര്‍ച്ചയുമാണ് ഡി.എം.കെ മുന്നണിക്ക് നേട്ടമായി മാറിയിരിക്കുന്നത്. സ്റ്റാലിന് എതിരാളിയായി ഉയര്‍ത്തിക്കാട്ടാന്‍ ജനസ്വാധീനമുള്ള ഒരു നേതാവ് പോലും ഭരണപക്ഷത്തില്ലായിരുന്നു. എന്നാല്‍ അടുത്ത ഊഴത്തില്‍ കാര്യങ്ങള്‍ അങ്ങനെയാവണമെന്നില്ല. സ്റ്റാലിന് പകരം ഉദയനിധി നായകനാകുന്നതോടെ വലിയ വെല്ലുവിളി തന്നെ ഡി.എം.കെക്കു മുന്നിലുണ്ടാകും.

അണ്ണാ ഡി.എം.കെക്ക് മുന്‍പ് രണ്ടാം ഊഴം ലഭിച്ചതു പോലെ രണ്ടാം ഊഴം ലഭിക്കല്‍ ഡി.എം.കെക്ക് എളുപ്പമല്ല. ഇത് തിരിച്ചറിഞ്ഞാണ് പിന്‍ഗാമിക്കു വേണ്ടി ഇപ്പോഴേ ഒരു മുഴം മുന്‍പേ സ്റ്റാലിന്‍ എറിഞ്ഞിരിക്കുന്നത്. ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തന്നെ ഉദയനിധിയെ നായകനാക്കി വന്‍കിട പ്രോജക്ടുകളാണ് തമിഴകത്തിപ്പോള്‍ ഒരുങ്ങുന്നത്. ഡി.എം.കെയുടെ കേഡര്‍ സെറ്റപ്പിനൊപ്പം താരമൂല്യം കൂടി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഉദയനിധിക്ക് ഭാവിയിലെ വെല്ലുവിളികള്‍ ചെറുക്കാന്‍ കഴിയുമെന്നാണ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡി.എം.കെ നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.

സ്റ്റാലിന്റെ ഇപ്പോഴത്തെ ജനപ്രിയ ഭരണം ലോകസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും തന്നെ സംശയമില്ല. അതേസമയം 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു പ്രവചനം സാധ്യമല്ലന്നതാണ് നിലപാട്. ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പ്രവചനം അസാധ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആരാധക കരുത്തില്‍ മാത്രമല്ല താരമൂല്യത്തിലും ഒന്നാം നിരയിലാണ് ദളപതിയുടെ സ്ഥാനം.

ഏറ്റവും പുതിയ സിനിമയായ ബീസ്റ്റിനു വേണ്ടി വിജയ് വാങ്ങുന്നത് 100 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിനെ പിന്തള്ളുന്ന മൂല്യമാണിത്. ദര്‍ബാര്‍ എന്ന ചിത്രത്തിന് 90 കോടി രൂപയാണ് രജനികാന്ത് വാങ്ങിയിരുന്നത്. രജനിയുടെയും വിജയ്‌യുടെയും പ്രായം താരതമ്യപ്പെടുത്തുമ്പോള്‍ 100 കോടി എന്നത് വിജയ് യുടെ ഈ പ്രായത്തില്‍ രാജ്യത്തെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ കഴിയാത്ത പ്രതിഫലം തന്നെയാണ്. കൃത്യമായി നികുതി അടക്കുന്ന വിജയ് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ നല്ലൊരു വിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് നിലവില്‍ ചിലവഴിക്കുന്നത്. ഇതും ദളപതിയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്.

Top