ഇന്ത്യയില്‍ പുതിയ പാന്റിട്ട് ടൊയോട്ട; 5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

ടൊയോട്ടയുടെ ഉടന്‍ വിപണിയിലെത്തുന്ന മൂന്നു നിര സീറ്റുകളുള്ള എസ്.യു.വിക്ക് വേണ്ടിയാണ് പുതിയ പ്ലാന്റ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 5 ലക്ഷം പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്നാം പ്ലാന്റിന് പദ്ധതിയിട്ട് ടൊയോട്ട. പുതിയ പ്ലാന്റിന്റെ വരവോടു കൂടി പ്രതിവര്‍ഷം 80000 മുതല്‍ 1.20 ലക്ഷം വരെ വാഹനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന മൂന്നാം പ്ലാന്റിന്റെ കപ്പാസിറ്റി വര്‍ഷം 2 ലക്ഷമാക്കി ഉയര്‍ത്താനും സാധിക്കുമെന്നാണ് ടൊയോട്ട പറയുന്നത്. കര്‍ണാടക ബിഡഡിയില്‍ തന്നെയാണ് പുതിയ നിര്‍മാണശാലയും സ്ഥാപിക്കുന്നത്.

ഇന്നോവ ഹൈക്രോസ് നിര്‍മിച്ചിരിക്കുന്ന ടിഎന്‍ജിഎ-സി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മോഡലും നിര്‍മിക്കുക. കൊറോള ക്രോസിന്റെ രാജ്യാന്തര പതിപ്പിന് 2640 എംഎം വീല്‍ബെയ്‌സുണ്ട്. ഇതില്‍ നിന്ന് 150 എംഎം അധിക വീല്‍ബെയ്‌സ് പുതിയ എസ്.യു.വിക്ക് പ്രതീക്ഷിക്കാം. മൂന്നു നിര സീറ്റുകളുള്ള വാഹനത്തില്‍ ഏഴുപേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കും. കൊറോളയെ അടിസ്ഥാനപ്പെടുത്തിയ എസ്.യു.വി ക്രോസിന്റെ വലുപ്പം കൂടിയ രൂപമായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ഹ്യുണ്ടേയ് അല്‍കസാര്‍, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ക്രോസ് മത്സരിക്കുക.

ഇലക്ട്രിക്കലി ഓപ്പണ്‍ ചെയ്യാവുന്ന ടെയില്‍ ഗേറ്റ്, വലുപ്പം കൂടിയ റിയര്‍ ഡോര്‍, വലിയ ഗ്ലാസ് ഏരിയ എന്നിവയുമുണ്ടാകും. രാജ്യാന്തര വിപണിയിലെ കൊറോള ക്രോസിന് 1.8 ലീറ്റര്‍ എന്‍ജിനാണ്. എന്നാല്‍ വലുപ്പം കൂടിയ ഇന്ത്യന്‍ പതിപ്പിന് 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്‍ജിനുകളായിരിക്കും ഉപയോഗിക്കുക. ഡീസല്‍ എന്‍ജിന്‍ മോഡല്‍ വരാനുള്ള സാധ്യതകള്‍ വിരളമാണ്. ഇന്ത്യന്‍ വിപണിക്ക് വേണ്ടി മാത്രമായിരിക്കില്ല പുതിയ വാഹനം വികസിപ്പിക്കുക. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റുസ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയുന്ന കാര്യവും ടൊയോട്ട പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top