പൗരത്വ നിയമ ഭേദഗതി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിക്കാനായി പുതിയ സംഘടന

 

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിക്കാനായി പുതിയ സംഘടന. 60ലേറെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന കൂട്ടായ്മയായ നാഷണല്‍ യങ് ഇന്ത്യ കോര്‍ഡിനേഷന്‍ ആന്റ് ക്യാമ്പയിനാണ് പ്രക്ഷോഭങ്ങള്‍ ഏകീകരിക്കാന്‍ ഒരുങ്ങുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് യങ്ങ് ഇന്ത്യ കോര്‍ഡിനേഷന്‍ ആന്റ് ക്യാമ്പയിന്റെ ലക്ഷ്യം. എസ്എഫ്ഐ, എഐഎസ്എഫ്, എന്‍എസ്‌യുഐ, ഐസ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍, വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ തുടങ്ങിയവ ഈ കൂട്ടായ്മയുടെ ഭാഗമാകും.

പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ സബ് കമ്മറ്റികളുമുണ്ടാകും. തൊഴിലാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയുടെ മാതൃകയിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും യോജിച്ച സംവിധാനം വരുന്നത്. ജനുവരി ഒന്ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കാനാണ് സംഘടനയുടെ തീരുമാനം.

ജാമിയ മിലിയ സര്‍വകലാശാലയും അലിഗഡ് മുസ്ലിം സര്‍വകലാശാലയും തുടങ്ങിയ പ്രക്ഷോഭം ഇന്ത്യയിലെ കൂടുതല്‍ ക്യാമ്പസുകള്‍ ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തുടങ്ങിവച്ച പ്രക്ഷോഭം പിന്നീട് പുറത്തും ശക്തമാവുകയായിരുന്നു.

 

 

Top