പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജം; വമ്പന്‍ മുന്നേറ്റവുമായി പ്രതിരോധ മന്ത്രാലയം

ദില്ലി: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി വിന്‍ഡോസിന് പകരമായി ‘മായ’ എന്ന പേരില്‍ സ്വന്തം തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത് പ്രതിരോധ മന്ത്രാലയം. കംപ്യൂട്ടര്‍ സുരക്ഷ വര്‍ധിപ്പിക്കാനും സൈബര്‍ ഭീഷണികളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുമാണ് ‘മായ’ ലക്ഷ്യമിടുന്നത്. പുതുതായി വികസിപ്പിച്ച ‘മായ ഒഎസ്’ ഉടന്‍ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിന് പകരമായി ഇന്‍സ്റ്റാള്‍ ചെയ്യും.

വര്‍ഷാവസാനത്തോടെയാണ് ഇത് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. ഈ തന്ത്രപരമായ നീക്കം മന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും വിദേശ സോഫ്റ്റ്വെയറിനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയും ‘മായ ഒഎസ്’ ലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. 2021-ല്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ നടന്നതോടെയാണ് ഈ സംവിധാനം വികസിപ്പിക്കാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്), നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരു വിദഗ്ധ സംഘം ‘മായ ഒഎസ്’ രൂപപ്പെടുത്തുന്നതിന് ആറ് മാസത്തോളം സഹകരിച്ച് പ്രവര്‍ത്തിച്ചു. ഓപ്പണ്‍ സോഴ്സായ ഉബുണ്ടു പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു സൈബര്‍ ഭീഷണി-പ്രതിരോധ ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Top