പുതിയ ഒമിക്രോണ്‍ വകഭേദത്തിന്: അതിതീവ്ര വ്യാപനശേഷി

ഡൽഹി: പുതിയതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം ബിഎ.2.75ന് അതിതീവ്രവ്യാപനശേഷിയെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും അമേരിക്ക ഉൾപ്പെടെയുള്ള ഏതാനും വിദേശരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.‍

വാക്സിൻ പ്രതിരോധശേഷിയേയും ആർജിത പ്രതിരോധശേഷിയേയും മറിരകടക്കാൻ പുതിയ വകഭേദത്തിന് കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ലോകത്ത് അതിവേഗം പടർന്ന ബിഎ.5 വകഭേദത്തെക്കാൾ തീവ്രമാകാനുള്ള ശേഷി ബിഎ.2.75ന് ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള നിഗമനത്തിലെത്താനുള്ള സമയമായിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ മിന്നസോട്ടയിലെ മയോ ക്ലിനിക്ക്, ക്ലിനിക്കൽ വൈറോളജി വിഭാഗം മേധാവി മാത്യു ബെന്നിക്കർ പറ‌ഞ്ഞു. എന്നിരുന്നാലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസ് വർധിപ്പിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ ബിഎ.2.75 വകഭേദം കണ്ടെത്തിയിരുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 16,678 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 4,36,22,651 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ 2211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3154 പേർ രോഗമുക്തി നേടി. തിരുവനന്തപുരം( 600 ), എറണാകുളം( 506) ജില്ലകളിലാണ് കൂടുതൽ രോഗികൾ. 24809 പേരാണ് നിലവിൽ കോവിഡ് ബാധിതർ.

Top