യുവി സെഗ്‌മെന്റിലെ രാജാവാകാന്‍ പുതിയ എര്‍ട്ടിഗ നവംബറില്‍ നിരത്തിലേക്ക്

ertiga

മാരുതിയുടെ പ്രീമിയം ഔട്ട്‌ലെറ്റ് ആയ നെക്‌സയിലൂടെ പുതിയ എര്‍ട്ടിഗ നവംബറില്‍ നിരത്തിലേക്കെത്തുന്നു. അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുതിയ എര്‍ട്ടിഗയ്ക്ക് നിലവിലെ വാഹനത്തെക്കാള്‍ നീളവും വീതിയും ഉയരവുമുണ്ട്.

ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ എര്‍ട്ടിഗ നിര്‍മിച്ചിരിക്കുന്നത്. കൂടുതല്‍ സ്‌റ്റൈലിഷായ ഡിസൈനാണ് സുസുക്കി രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് നല്‍കിയിരിക്കുന്നത്. അല്‍പ്പം വലുപ്പം കൂടിയ മുന്‍ഭാഗവും പുതുമയുള്ള ഗ്രില്ലുമുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മുന്നിലെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വശങ്ങളില്‍ മസ്‌കുലറായ ഷോര്‍ഡര്‍ലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകളാണ്. പുതിയ ടെയില്‍ ലാംപ് വാഹനത്തിന് കൂടുതല്‍ വലുപ്പം സമ്മാനിക്കുന്നു.

ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്‌സ് 2740 എംഎം തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്‍ സ്‌പെയ്‌സ് ഉണ്ട് പുതിയ കാറിന് എന്നാണ് സുസുക്കി അവകാശപ്പെടുന്നത്. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതുപോലുള്ള ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് എര്‍ടിഗയ്ക്കും. ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. കൂടാതെ 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റവുമുണ്ട്. കൂള്‍ഡ് ഗ്ലൗബോക്‌സാണ് എര്‍ട്ടിഗയുടെ ഇന്തോനേഷ്യന്‍ വകഭേദത്തില്‍.

അടുത്തിടെ പുറത്തിറക്കിയ പുതിയ സിയാസില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എര്‍ട്ടിഗിയിലെ മറ്റൊരു പുതുമ. ഇത് 104 എച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എന്‍ജിനില്‍ മാറ്റം വരുത്തിയിട്ടില്ല. പെട്രോള്‍ മോഡല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്കിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും പുറത്തിറക്കുന്നുണ്ട്. മികച്ച ഇന്ധന ക്ഷമതയാണ് പുതിയ എര്‍ട്ടിഗയുടെ മറ്റൊരു പ്രത്യേകത.

Top