ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വടക്കന്‍ കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 73.4 മില്ലീമീറ്റര്‍ മഴയാണ്. ഇത് ഈ സീസണിലെ ഏറ്റവും മികച്ച നാലാമത്തെ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്. ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

Top