തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചേക്കും. ബാറുകളുടെയും ക്ലബുകളുടെയും ലൈസന്‍സും ഇതര സേവനങ്ങളുടെ ലൈസന്‍സ് ഫീസും കൂട്ടാനാണ് ആലോചന. ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം സര്‍ക്കാര്‍ ലൈസന്‍സികളെ അറിയിച്ചു.
ബാറുകള്‍ക്ക് 30 ലക്ഷം രൂപയാണ് നിലവില്‍ ലൈസന്‍സ് ഫീസ്. ക്ലബ് ലൈസന്‍സിന് 20 ലക്ഷം രൂപ. ബീയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് നാലു ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഒരു തവണ ഫീസ് വര്‍ധിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്നാണ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്.
പഴങ്ങളില്‍നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കാന്‍ ചട്ടങ്ങള്‍ക്ക് അംഗീകാരമായതോടെ വൈനറികളും നിലവില്‍വരും. സര്‍ക്കാര്‍ മേഖലയിലായിരിക്കും ഉല്‍പാദനം. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍, ജാതിക്ക എന്നിവയില്‍നിന്ന് വൈന്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ചുമതല ബവ്‌റിജസ് കോര്‍പറേഷന് ആയിരിക്കും.