new library in malappuam

മലപ്പുറം: ആര്‍എസ്എസുകാര്‍ തീവെച്ചു നശിപ്പിച്ച ഗ്രന്ഥശാലക്ക് നവമാധ്യമകൂട്ടായ്മയുടെ പിന്തുണ. തിരൂര്‍ തലൂക്കര ഗ്രന്ഥശാലയിലേക്ക് നവമാധ്യമ കൂട്ടായ്മയുടെ ശ്രമഫലമായി ആറായിരത്തിലധികം പുസ്തകങ്ങള്‍ എത്തിച്ചു.

മാര്‍ച്ച് 22നാണ് മലപ്പുറം ജില്ലയിലെ തലൂക്കര എകെജി സ്മാരകം ഗ്രന്ഥശാല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഗ്‌നികിരയാക്കിയത്. ഇതോടെ ആറായിരത്തോളം പുസ്തകങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആര്‍എസ്എസ് നടപടിയോടുളള പ്രതിഷേധമാണ് നവമാധ്യമ കൂട്ടായ്മ രൂപീകരിക്കാന്‍ കാരണം. കത്തിയ പുസ്തകങ്ങള്‍ക്ക് പകരം പുതിയ പുസ്തകങ്ങള്‍ സംഭവന ചെയ്യുക എന്ന ആഹ്വാനം ലോകം മുഴുവന്‍ ഏറ്റെടുത്തു. വിദേശ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിച്ച ആറായിരത്തിലധികം പുസ്തകങ്ങള്‍ 10 വണ്ടികളിലായിട്ടാണ് തലൂക്കരയിലെ എകെജി സ്മാരക ഗ്രന്ഥശാലയിലെത്തിച്ചത്. സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ പുസ്തക കൈമാറ്റ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ഫാസിസ്റ്റുകള്‍ ആദ്യം ഭയപ്പെടുന്നത് അക്ഷരങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.

സീതാറം യെച്ചൂരിയടക്കം രാജ്യത്തെ വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും സൌജന്യമായി പുസ്തകങ്ങള്‍ നല്‍കി. പണമായി സംഭാവന നല്‍കിയതും പുസ്തകങ്ങള്‍ വാങ്ങുന്നതിനായി ഉപയോഗിച്ചു. പുസ്തകശേഖരണത്തിന്റെ രണ്ടാംഘട്ടം ഉടന്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാട്‌സ്അപ്, ഫെയിസ് ബുക്ക് എന്നിവിയിലൂടെ തന്നെയാണ് തുടര്‍ന്നും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നും നവമാധ്യമ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

Top