new kpcc president:mullapally,sudakaran,pt are considered

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദം ഏറ്റെടുക്കാനില്ലന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തല്‍സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ എ ഗ്രൂപ്പ് നീക്കം.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിധിക്കു ശേഷം ഇവിടങ്ങളിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൂടി കഴിഞ്ഞ ശേഷം മാത്രമായിരിക്കും കൂടിയാലോചനകള്‍ക്ക് കേരളത്തിലെ നേതാക്കളെ ഡല്‍ഹിക്കു വിളിപ്പിക്കുക.

ഈ ചര്‍ച്ചയില്‍ മുല്ലപ്പള്ളിയുടെ പേര് നിര്‍ദ്ദേശിക്കാനും സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെടുവാനുമാണ് എ ഗ്രൂപ്പിന്റെ തീരുമാനം. മുന്‍ കെ പി സി സി പ്രസിഡന്റുകൂടിയായ കെ.മുരളീധരനെ കൊണ്ടുവരണമെന്ന അഭിപ്രായം എ ഗ്രൂപ്പില്‍ സജീവമാണെങ്കിലും ഹൈക്കമാന്റ് ഈ നിര്‍ദ്ദേശം തള്ളുമെന്ന ആശങ്കയിലാണ് മുല്ലപ്പള്ളിക്ക് പ്രഥമ പരിഗണന കൊടുക്കുന്നത്.

1984,89,91,96,98 കാലഘട്ടങ്ങളില്‍ കണ്ണൂരില്‍ നിന്നും 2009ലെയും 2014ലെയും തിരഞ്ഞെടുപ്പുകളില്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു.

കോണ്‍ഗ്രസ്സ് ഹൈക്കമാന്റുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. 1969-70 കാലഘട്ടത്തില്‍ സജീവമായി രാഷ്ട്രീയത്തിലിറങ്ങി. 71ല്‍ യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി തുടങ്ങി 2005ല്‍ കെ പി സി സി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തായിരുന്നു ഏറെയും അവസരം ലഭിച്ചിരുന്നത്.

മുല്ലപ്പള്ളിക്ക് പിന്നാലെ കെ പി സി സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതില്‍ ഇപ്പോള്‍ പ്രധാനികള്‍ കെ.സുധാകരനും പിടി തോമസുമാണ്.

കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രിയെയും സിപിഎം സെക്രട്ടറിയേയും നേരിടാന്‍ അവിടെ നിന്നു തന്നെയുള്ള നേതാവിനെ വേണമെന്നാണ് സുധാകരനെ അനുകൂലിക്കുന്ന ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം വാദിക്കുന്നത്. ഒരു വിഭാഗം കെ.മുരളീധരനു വേണ്ടി നിലക്കൊള്ളുന്നത് ഗ്രൂപ്പിനുള്ളില്‍ തന്നെ ഭിന്നതയക്കും വടംവലിക്കും അധികാരത്തര്‍ക്കങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു.

മുന്‍ കെ പി സി സി പ്രസിഡന്റായിരുന്നു എന്നതിനാല്‍ കെ.മുരളീധരന്‍ മാറി നിന്ന് സുധാകരന് അവസരമൊരുക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എ ഗ്രൂപ്പുമായുള്ള മുരളീധരന്റെ അടുപ്പവും ഈ നിലപാടിന് ഒരു കാരണമാണ്.

പിണറായി വിജയന്‍ പഠിച്ച തലശ്ശേരി ബ്രിണ്ണന്‍ കോളജില്‍ നിന്നു തന്നെയാണ് സുധാകരനും രാഷ്ട്രീയത്തിലിറങ്ങിയത്.ലോക്‌സഭാ എം പി യായും സംസ്ഥാന മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള സുധാകരന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ കരുതുറ്റ മുഖമാണ്.

സിപിഎം തട്ടകത്തില്‍ അവരോട് പോരാടി വരുന്ന നേതാവാണ് എന്നതിനാല്‍ കോണ്‍ഗ്രസ്റ്റ് അണികള്‍ക്കിടയിലും വലിയ സ്വാധീനമാണ് സുധാകരനുള്ളത്.നിരവധി തവണ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും കെ പി സി സി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി എം സുധീരന്റെ തന്ത്രപരമായ നീക്കത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തെറിച്ച ബെന്നി ബെഹന്നാന്ന് പകരം തൃക്കാക്കര മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച പിടി തോമസ് കോണ്‍ഗ്രസ്സിന്റെ ശക്തനായ സംഘാടകനാണ്.

ഇടുക്കിയില്‍ നിന്ന് ലോക് സഭാംഗമായും , പല തവണ എം എല്‍ എ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ ഗ്രൂപ്പിന് സംസ്ഥാനത്ത് വലിയ അടിത്തറയുണ്ടാക്കുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് പി ടി.

വി എം സുധീരനുമായും വളരെ അടുപ്പം പുലര്‍ത്തുന്ന പിടിയുടെ പേര് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഹൈക്കമാന്റിനു മുന്നില്‍ നിര്‍ദ്ദേശിച്ചത് തന്നെ സുധീരനായിരുന്നു.

കെ പി സി സി പ്രസിഡന്റു സ്ഥാനത്ത് നിന്നും രാജിവെ്‌ച്ചെങ്കിലും പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ സുധീരന്റെ നിര്‍ദ്ദേശവും ഹൈക്കമാന്റ് പരിഗണിക്കുമെന്നതിനാല്‍ പിടി തോമസിന്റെ സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

അത്തരമൊരു നിര്‍ദ്ദേശം വന്നാല്‍ എതിര്‍ക്കാന്‍ എ ഗ്രൂപ്പിനും ബുദ്ധിമുട്ടാകും. മാത്രമല്ല ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റുന്ന ‘കടും കൈക്ക് ‘ ഹൈക്കമാന്റ് നീങ്ങുകയാണെങ്കിലും അവിടെയും ഏറെ സാധ്യത സീനിയര്‍ നേതാവായ പിടിക്കു തന്നെയാണ്.

പദവികള്‍ ഒന്നും ഏറ്റെടുക്കില്ലന്ന തീരുമാനത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി പിന്നോട്ട് പോയില്ലങ്കില്‍ മാത്രമാണ് ഇതിനെല്ലാം സാധ്യതയുള്ളത്.

Top