കാത്തിരിപ്പ് കാലാവധി കുറയ്ക്കാൻ തന്ത്രം; പുതിയ കിയ സെൽറ്റോസ് മോഡൽ ലൈനപ്പ് വിപുലീകരിച്ചു

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ GTX+ (S), X-Line (S) എന്നീ രണ്ട് പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചുകൊണ്ട് പുതുക്കിയ കിയ സെൽറ്റോസ് മോഡൽ ലൈനപ്പ് വിപുലീകരിച്ചു. GTX+ (S) ന് 19.39 ലക്ഷം രൂപയാണ് വില. എക്സ്‍ലൈൻ (S) ന് 19.59 ലക്ഷം രൂപയാണ് വില . എല്ലാ വിലകളും എക്സ്-ഷോറൂം വിലകളാണ്. X+, X-Line മോഡലുകൾക്കും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും മൂല്യം വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചതെന്ന് കിയ പറയുന്നു.

രണ്ട് വേരിയന്റുകളും മോഡൽ ശ്രേണിയിലെ GTX+, X-Line വേരിയന്റുകൾക്ക് താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ സെൽറ്റോസ് GTX+ (S), X-Line (S) വേരിയന്റുകളിൽ ബോസ് സൗണ്ട് സിസ്റ്റവും 360-ഡിഗ്രി ക്യാമറയും ഉൾപ്പെടുന്നില്ല. പകരം, ഒരു സാധാരണ റിവേഴ്സ് ക്യാമറയും 6-സ്പീക്കർ ഓഡിയോ സിസ്റ്റവും, ഒപ്പം ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്യുവൽ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 20,000 രൂപ അധികമായി ഒരു കറുത്ത റൂഫ് ലൈനിംഗ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

ഈ പുതിയ വേരിയന്റുകൾ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 160bhp കരുത്തും 253Nm ടോര്‍ക്കും ഉൽപ്പാദിപ്പിക്കുന്ന 1.5L ടർബോ പെട്രോളും 115bhp കരുത്തും 144Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5L ഡീസൽ എഞ്ചിനും. പെട്രോൾ യൂണിറ്റ് 7-സ്പീഡ് DCT ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു, ഡീസൽ വേരിയന്റിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. പുതിയ GTX+ (S), X-Line (S) വേരിയന്റുകൾക്ക് ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടാകുമെന്ന് കിയ ഇന്ത്യ സൂചിപ്പിച്ചു. നിലവിൽ, പുതിയ കിയ സെൽറ്റോസിന് നാല് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്.

സെൽറ്റോസ് അപ്‌ഡേറ്റിന് ശേഷം, സോനെറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയും കാരൻസ് എംപിവിയും പുതുക്കാൻ കിയ പദ്ധതിയിടുന്നു. കിയ കാർണിവലിന്റെ ഒരു പുതിയ തലമുറയും അണിയറയിൽ ഒരുങ്ങുന്നു, മൂന്ന് മോഡലുകളും 2024-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കിയ സെൽറ്റോസിന് സമാനമായി, വരാനിരിക്കുന്ന സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഗ്ദാനം ചെയ്തേക്കാം. പുതുതായി രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ്, ഒരു ഡാഷ്‌ക്യാം, 360-ഡിഗ്രി ക്യാമറ എന്നിവയും ഇതിലുണ്ട്. എഞ്ചിൻ ലൈനപ്പ് നിലവിലെ മോഡലിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ട്.

Top