new investigation team in jisha murder

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍തപ്പുന്ന അന്വേഷണ സംഘത്തെ പാടെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു.

അന്വേഷണചുമതല ദക്ഷിണമേഖല എ.ഡി.ജി.പി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഒന്നാകെ മാറ്റിയത്. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ ഡിവൈ.എസ്.പി ജിജിമോന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിയാണ് പുതിയ ടീം രൂപീകരിച്ചത്.

കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്.പി പി.ഉണ്ണിരാജ, എറണാകുളം സി.ബി.സി.ഐ.ഡി എസ്.പി വി.കെ.മധു, ഡിവൈ.എസ്.പിമാരായ സോജന്‍, സുദര്‍ശന്‍, ശശീധരന്‍, സിഐ ബൈജുപൗലോസ് എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്ത ദിവസംതന്നെ അന്വേഷണ ചുമതല എഡിജിപി ബി. സന്ധ്യക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടത്തിയത്.

അതേസമയം, ജിഷവധം സംബന്ധിച്ച് കൊച്ചി റേഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ട് പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി തള്ളി. കേസില്‍ ഇടപെടാന്‍ അതോറിറ്റിയ്ക്ക് അധികാരം ഇല്ലെന്ന നിലയിലാണ് ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. നിയമപാലനം ഉറപ്പുവരുത്തേണ്ട പൊലീസിന്റെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് വിശദീകരണം തള്ളിയത്.

കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ബുധനാഴ്ച പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് മുന്‍പാകെ ഉദ്യോഗസ്ഥര്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കൊച്ചി റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരോടാണ് ഹാജരാകാന്‍നിര്‍ദ്ദേശിച്ചത്.

എന്നാല്‍ നേരിട്ട് ഹാജരാവുന്നതിന് പകരം അഭിഭാഷകന്‍ മുഖേന വിശദീകരണം നല്‍കുകയായിരുന്നു. ജിഷയുടെ മാതാവിന്റെ അനുവാദമില്ലാതെയാണ് മൃതദേഹം കത്തിച്ചതെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും അതോറിറ്റി വിമര്‍ശിച്ചിരുന്നു. അടുത്തമാസം രണ്ടിന് ഹാജരാകാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top