വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ് കാർ അനുവദിച്ച് സർക്കാർ. മുമ്പ് ഉപയോ​ഗിച്ച കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോ​ഗിച്ച കാറാണ് സതീശനും ഉപയോ​ഗിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ. 22 ലക്ഷം മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ വില.

ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ധവള പത്രത്തിൽ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ആംബുലന്‍സ് അടക്കം 28 സുരക്ഷാവാഹനങ്ങള്‍ ഒരുക്കിയെന്നും മുഖ്യമന്ത്രിക്ക് യാത്രചെയ്യാന്‍ മാത്രം ഏഴു കാറുകള്‍ വാങ്ങിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. നികുതിവെട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും നാലുലക്ഷം കോടിയാണ് കേരളത്തിന്റെ മൊത്തം കടബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. ‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ എന്ന വിശേഷണത്തോടെയാണ് ധവളപത്രം ഇറക്കിയത്.

ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ വാങ്ങിയത്. നേരത്തെ ​ഗവർണർക്കും പുതിയ കാർ അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി ഐ പി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. അംബാസഡര്‍ കാറുകള്‍ ഉപയോഗിച്ചിരുന്ന കാലത്തെ ചട്ടമാണിതെങ്കിലും ഇതാണ് ഇപ്പോഴും പിന്തുടരുന്നത്.

Top