കുറഞ്ഞ ടാക്‌സ് അടച്ചാല്‍ മതി; പക്ഷെ ഇതിലൊരു ‘സീതാരാമന്‍’ ട്വിസ്റ്റുണ്ട്

Nirmala Sitharaman

2020 കേന്ദ്ര ബജറ്റില്‍ ഇന്‍കം ടാക്‌സ് വെട്ടിക്കുറച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയത് ശമ്പളം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി. എന്നാല്‍ ഈ വെട്ടിക്കുറവില്‍ ഒരു ട്വിസ്റ്റും അവര്‍ കാത്തുവെയ്ക്കുന്നു. പുതിയ സ്ലാബിലേക്ക് മാറിയാല്‍ ടാക്‌സ് കുറയ്ക്കാനുള്ള ഇളവുകള്‍ ഒന്നും അനുവദിക്കില്ലെന്നതാണ് ആ ട്വിസ്റ്റ്.

പുതിയ ഇന്‍കംടാക്‌സ് പ്രകാരം 40,000 കോടി രൂപയാണ് ഖജനാവിന് നഷ്ടമെന്ന് നിര്‍മ്മല സീതാരാമന്‍ പറയുന്നു. പുതിയ രീതിയില്‍ കുറഞ്ഞ ടാക്‌സ് നിരക്കിലേക്ക് മാറാന്‍ നികുതിദായകര്‍ക്ക് അവസരമുണ്ട്. എന്നാല്‍ നിലവിലെ ടാക്‌സ് സ്ലാബ് അനുസരിച്ചുള്ള ഇളവുകളും, ആനുകൂല്യങ്ങളും മറന്നിട്ട് വേണം പുതിയ കുറഞ്ഞ സ്ലാബിലേക്ക് മാറാന്‍. ഇതിന് താല്‍പര്യമില്ലാത്തവര്‍ക്ക് പഴയ ടാക്‌സ് നിരക്കില്‍ തന്നെ തുടരുകയും ചെയ്യാം.

ടാക്‌സ് സിസ്റ്റം പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഇന്‍കംടാക്‌സ് കുറയ്ക്കാന്‍ സ്വീകരിച്ചിരുന്ന നൂറോളം ഇളവുകളില്‍ 70ലേറെയും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇത്തരം ഇളവുകള്‍ നികുതി അടയ്ക്കുന്നവര്‍ക്കും, ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പിടിപ്പത് പണിയാണ് സമ്മാനിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രൊഫഷണല്‍ സഹായമില്ലാതെ നിയമം അനുസരിക്കാന്‍ സാധാരണ നികുതിദായകന് കഴിയാത്ത സാഹചര്യമുണ്ട്.

15 ലക്ഷം രൂപ വരെ വരുമാനമുള്ള മധ്യവര്‍ഗ്ഗ നികുതിദായകര്‍ക്കാണ് പുതിയ ടാക്‌സ് നടപടികളുടെ ഗുണം ലഭിക്കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 15 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ ടാക്‌സ് നിരക്കില്‍ 1.95 ലക്ഷം രൂപയാണ് ടാക്‌സ് നല്‍കേണ്ടത്. നേരത്തെ ഇത് 2.73 ലക്ഷമായിരുന്നു, 75000 രൂപയുടെ ലാഭമാണ് ഇവിടെ ലഭിക്കുക.

5 ലക്ഷം വരെയുള്ളവരെ ടാക്‌സ് പരിധിയില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ 5 മുതല്‍ 7.5 ലക്ഷം വരെയുള്ളവര്‍ക്ക് 10% നികുതി നല്‍കണം. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15%, 12.5 മുതല്‍ 15 ലക്ഷം വരെ 30 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍.

Top